കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചത് വൈകിയതിനാലും അവധി ദിവസങ്ങൾ കാരണവും പരാതി നൽകാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ജൂണ്‍ 11 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്‍റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ രംഗത്ത്. ഇക്കാര്യം ചൂണ്ടികാട്ടി ഡീലിമിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന് കെ പി സി സി അധ്യക്ഷൻ കത്തുനല്‍കി.

കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ട തീയതി മെയ് 27 ആയിരിക്കെ അത് പ്രസിദ്ധീകരിച്ചത് 31 ന് അര്‍ധരാത്രിയിലായിരുന്നു. പൊതുജനം ഇതറിയുന്നത് തൊട്ടടുത്ത ദിവസമായ ഞായറാഴ്ച ജൂണ്‍ ഒന്നിനെന്നും കെ പി സി സി പ്രസിഡന്‍റ് ചൂണ്ടികാട്ടി. കരട് പരിശോധിച്ച് അതിന്മേലുള്ള പരാതികള്‍ നല്‍കുന്നതിനായി നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി ജൂണ്‍ 7 വരെയാണ്. ഇതിനിടയില്‍ ഞായറും ബക്രീദ് അവധിയും ചേര്‍ന്ന് രണ്ട് ദിവസം നഷ്ടമാകും. ഫലത്തില്‍ അഞ്ചു ദിവസം മാത്രമാണ് പരാതികള്‍ നല്‍കുവാന്‍ ലഭിക്കുന്നത്. അതുകൊണ്ട് കരട് പരിശോധിച്ച് അതിന്മേലുള്ള പരാതികള്‍ നല്‍കുന്നതിന് ചുരുങ്ങിയത് പത്തു ദിവസം ലഭിക്കത്തക്കവിധം അവസാന തീയതി പുനഃക്രമീകരിക്കണമെന്നാണ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം