ചേര്‍ത്തല: വര്‍ഷങ്ങളോളം പൂട്ടി കിടന്ന ഗോഡൗണില്‍ വവ്വാലുകള്‍ കൂട്ടതോടെ ചത്ത സംഭവത്തില്‍ നിപ്പവിദഗ്ദ്ധര്‍ അയച്ച രക്തസാംമ്പിളിന്റെ റിപ്പോര്‍ട്ട് അടുത്ത ആഴ്ചയെത്തും. തെക്ക് പഞ്ചായത്തില്‍ കുറുപ്പംകുളങ്ങര ചിന്നന്‍കവലയ്ക്കു സമീപം പൂട്ടിക്കിടക്കുന്ന കയര്‍ ഗോഡൗണില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് അടുത്ത ആഴ്ച്ച ലഭിക്കുക. 

മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി, (എഡിബിഎല്‍), പാലോട് ചീഫ് ഡിസീസ് ഇന്‍വസ്റ്റിഗേഷന്‍ ഓഫിസ് (സിഡിഐഒ) എന്നിവിടങ്ങളിലേക്കാണ് സാമ്പിളുകള്‍ അയച്ചിരിക്കുന്നത്. 

വവ്വാലുകള്‍ ചാകാനുള്ള കാരണമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഗോഡൗണിന്റെ തുറന്നു കിടന്ന വാതില്‍ മഴയിലോ, കാറ്റിലോ അടഞ്ഞതുമൂലം വവ്വാലുകള്‍ ശ്വാസം മുട്ടി ചത്തതാകാമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പരിശോധന ഫലം വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ.

150 തോളം ചെറിയ വവ്വാലുകളെയാണ് ഗോഡൗണില്‍ കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയത്. രൂക്ഷമായ ദുര്‍ഗന്ധം മൂലമാണ് പ്രദേശവാസികള്‍ ഇത് അറിഞ്ഞത്. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നിപ്പ പ്രതിരോധ വേഷത്തിലെത്തി പരിശോധന നടത്തിയതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. വവ്വാലുകളെ കുഴിച്ചു മൂടിയെങ്കിലും കാറ്റ് അടിക്കുമ്പോള്‍ ദുര്‍ഗന്ധമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.