പന്നിമാംസമെന്ന ധാരണയിൽ ഓട്ടോയിൽ കയറ്റാൻ മടിച്ചപ്പോൾ ഭീഷണി, രക്തം പുരണ്ട ചാക്കുകെട്ട് കണ്ട് സംശയം

മൂലമറ്റം, മുട്ടം, മേലുകാവ് മേഖലകളിലുള്ള ഏഴു പേരടങ്ങുന്ന സംഘമാണ് കൊല നടത്തി മൃതദേഹം കാട്ടില്‍ തള്ളിയതെന്നാണ് വിവരം. ഇതില്‍ പൊലീസുകാരന്റെ മകനും ഉള്‍പ്പെട്ടതായും സൂചനയുണ്ട്

blood stained sack caused doubt for auto driver in Melukavu murder 3 February 2025

ഇടുക്കി:  കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മേലുകാവ് എരുമാപ്ര പാറശേരിയില്‍ സാജന്‍ സാമുവലിനെ (47) കൊലപ്പെടുത്തി തേക്കിന്‍കൂപ്പില്‍ തള്ളിയത് പന്നിമാംസം എന്ന പേരിൽ ചാക്കിൽകെട്ടി ഓട്ടോയിലെത്തിച്ച്. പ്രതികൾക്കൊപ്പം മദ്യപിച്ചിരിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. മേലുകാവ് ഇരുമാപ്രയില്‍ നടത്തിയ കൊലയ്ക്കു ശേഷം പന്നിമാംസമെന്നു പറഞ്ഞാണ് മൃതദേഹം ഓട്ടോയില്‍  ഇവിടെ നിന്ന് മൂലമറ്റത്തെത്തിച്ചതെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ഓട്ടോയില്‍ പന്നിയെ കയറ്റാനാവില്ലെന്ന് പറഞ്ഞ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ വാഹനത്തില്‍ മൃതദേഹം കയറ്റിയത്. മൂലമറ്റത്തെത്തിച്ചപ്പോള്‍ രക്തം പുരണ്ട  ചാക്കുകെട്ടില്‍   സംശയം തോന്നിയ ഓട്ടോഡ്രൈവര്‍ വിവരം പിതാവിനോടു പറഞ്ഞു. പിതാവ് സംഭവം കാഞ്ഞാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തിയാണ് മൃതദേഹം സാജന്റേതാണെന്ന്   തിരിച്ചറിഞ്ഞത്. സംഭവത്തിൽ 

മൂലമറ്റം സ്വദേശി ഷാരാണിനെ പൊലീസ്  ഇതിനോടകം അറസ്റ്റു ചെയ്തിട്ടുണ്ട്. മൂലമറ്റം, മുട്ടം, മേലുകാവ് മേഖലകളിലുള്ള ഏഴു പേരടങ്ങുന്ന സംഘമാണ് കൊല നടത്തി മൃതദേഹം കാട്ടില്‍ തള്ളിയതെന്നാണ് വിവരം. ഇതില്‍ പൊലീസുകാരന്റെ മകനും ഉള്‍പ്പെട്ടതായും സൂചനയുണ്ട്.  ഇവരെല്ലാവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്.  നാലു പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായും ഇവരെ കസ്റ്റഡിയിലെടുത്ത്  ചോദ്യം ചെയ്തതിനു ശേഷമെ കൊലപാതകത്തിനുള്ള കാരണം വ്യക്തമാകൂവെന്നുമാണ് തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ വിശദമാക്കിയത്.

സാജന്‍ സാമുവലും ഷാരോണും സുഹൃത്തുക്കളായിരുന്നു.  പലപ്പോഴും ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കാറുണ്ട്. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേയ്ക്ക് നയിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം നടന്നത് മേലുകാവ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേയ്ക്ക് കൈമാറും. സാജന്റെ മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സാജന്‍ സാമുവലിന്റെ മൃതദേഹം പായില്‍ പൊതിഞ്ഞു തള്ളിയ നിലയില്‍  ഇന്നലെ രാവിലെയാണ്  മൂലമറ്റം കെഎസ്ഇബി കോളനിക്കു സമീപം തേക്കിന്‍കൂപ്പിലെ കുറ്റിക്കാട്ടില്‍ കണ്ടത്. 

'കളിപ്പാട്ടവും വസ്ത്രവും വേണമെന്ന് വാശി', പട്ടിണി ശിക്ഷ, ചവറ് കൂനയിൽ ഭക്ഷണം തിരഞ്ഞ് 6 വയസുകാരി, അമ്മ പിടിയിൽ

ജനുവരി 29 മുതല്‍ സാജന്‍ സാമുവലിനെ കാണാനില്ലെന്നു മേലുകാവ് പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ ബന്ധുക്കള്‍ പരാതി നൽകിയിരുന്നു. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട സാജന്‍ സാമുവല്‍. 2018 മേയില്‍ കോതമംഗലത്തെ  ബാറില്‍ ഉണ്ടായ അടിപിടിയ്‌ക്കൊടുവില്‍  വലിയപാറ പാറപ്പുറത്ത് ബിനു ചാക്കോയെ(27) കൊലപ്പെടുത്തിയ  കേസില്‍ ഇയാള്‍  പ്രതിയാണ്. 2022 ഫെബ്രുവരിയില്‍ മുട്ടം ബാറിനു സമീപം കാര്‍  പാര്‍ക്ക് ചെയ്ത്  ഗതാഗത തടസമുണ്ടാക്കിയ സാജനോട് വാഹനം മാറ്റിയിടാന്‍ പറഞ്ഞ  നാട്ടുകാരെ കാറോടിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുകയും തോക്കെടുത്ത് വെടി വയ്ക്കുകയും ചെയ്തു. അന്ന് കേസില്‍ പരാതിക്കാരില്ലാത്തതിനാല്‍ ഇയാള്‍ രക്ഷപെടുകയായിരുന്നു.  2022 ഓഗസ്റ്റില്‍ മോലുകാവ് പൊലീസ്  കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ജില്ലയില്‍  പൊന്‍കുന്നം, മരങ്ങാട്ടുപിള്ളി, മേലുകാവ്, പാലാ, കാഞ്ഞിരപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനുകളിലും എറണാകുളം ജില്ലയില്‍ കോതമംഗലം മൂവാറ്റുപുഴ, ഇടുക്കിയില്‍ കട്ടപ്പന, മുട്ടം, തൊടുപുഴ എന്നീ സ്റ്റേഷനുകളിലും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ സാജന്‍ പ്രതിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios