വേമ്പനാട്ടു കായലിൽ വള്ളം മുങ്ങി അപകടത്തിൽപ്പെട്ട അഞ്ചു മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി
ആലപ്പുഴ: വേമ്പനാട്ടു കായലിൽ വള്ളം മുങ്ങി അപകടത്തിൽപ്പെട്ട അഞ്ചു മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു അപകടം. കുമരകത്തു നിന്നും മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളുടെ വള്ളമാണ് വേമ്പനാട്ടുകായലിൽ ശക്തമായ കാറ്റിൽ പെട്ട് തലകീഴായി മറിഞ്ഞത്.
മുഹമ്മയിൽ നിന്നും കുമരകത്തേക്ക് രാവിലെ 11ന് പുറപ്പെട്ട എസ് 52 ബോട്ടിലെ ബോട്ട് മാസ്റ്റർ ടി എ ബിന്ദു രാജ്, സ്രാങ്ക് എം ബി ഷൈൻ കുമാർ, ഡ്രൈവർ ഇ എ അനസ്, ലസ്കർമാരായ കെ പി പ്രശാന്ത്, ടി രാജേഷ്, സ്രാങ്ക് പി എൻ ഓമനക്കുട്ടൻ എന്നിവർ ചേർന്നാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
മത്സ്യത്തൊഴിലാളികളായ കുഞ്ഞുമോൻ കുട്ടുവടി, രാജു കുൽപ്പറച്ചിറ, അനൂപ് കായ്ത്തറ, സാബു നടുചിറ, ഷിജു തോപ്പിൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവർക്ക് പ്രഥമ ശൂശ്രൂഷ നൽകി വിട്ടയച്ചു. രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാരെ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ ആദരിച്ചു.
ഇടുക്കിയിൽ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവ് മരിച്ചനിലയിൽ
ഇടുക്കി : നെടുങ്കണ്ടത്തിന് സമീപം മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ചനിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പളിൽ ജോസഫ് ആണ് മരിച്ചത്. ചെമ്മണ്ണാർ കൊന്നയ്ക്കാപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിലാണ് ഇയാൾ മോഷണം നടത്തിയത്. പുലർച്ചെ നാല് മണിയോടെയാണ് ജോസഫ്, രാജേന്ദ്രന്റെ വീട്ടിലെത്തിയത്.
മോഷണ ശ്രമത്തിനിടെ, ശബ്ദം കേട്ട് രാജേന്ദ്രൻ എഴുന്നേൽക്കുകയും മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. മൽപ്പിടുത്തത്തിന് ശേഷം ജോസഫ് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ മോഷ്ടാവിനായി പ്രദേശത്ത് തിരച്ചിൽ നടത്തി. ഇതിനിടെ രാജേന്ദ്രന്റെ വീടിന് നൂറ് മീറ്റർ അകലെയുള്ള മറ്റൊരു വീടിന്റെ മുറ്റത്താണ് ജോസഫിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
