നിയന്ത്രണം തെറ്റിയ ബോട്ട് കരയ്ക്കടിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന പന്ത്രണ്ടോളം തൊഴിലാളികൾ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന നാല് ലക്ഷത്തിൽപ്പരം രൂപയുടെ മത്സ്യം നഷ്ടപ്പെട്ടു. 

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ നടുക്കടലിൽ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ബോട്ട് അപകടത്തിൽപ്പെട്ടു. കൊല്ലം കാവനാട് സ്വദേശി ശരവണന്‍റെ ഉടമസ്ഥതയിലുള്ള 'വേളാങ്കണ്ണി മാത' എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ രാത്രി പന്ത്രണ്ടോടെ നീർക്കുന്നം പടിഞ്ഞാറ് മത്സ്യബന്ധനത്തിനിടെയാണ് എഞ്ചിൻ തകരാറിലായത്. ഇതോടെ നിയന്ത്രണം തെറ്റിയ ബോട്ട് കരയ്ക്കടിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന പന്ത്രണ്ടോളം തൊഴിലാളികൾ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബോട്ടിന്‍റെ അടിഭാഗം പൂർണമായി തകർന്ന് വെള്ളം കയറിയതിനാൽ മാറ്റാൻ കഴിയാത്ത സ്ഥിതിയാണ്. മറ്റൊരു ബോട്ടിന്‍റെയും ജെസിബികളുടെയും സഹായത്താൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബോട്ടിലുണ്ടായിരുന്ന നാല് ലക്ഷത്തിൽപ്പരം രൂപയുടെ മത്സ്യവും അപകടത്തിൽ നഷ്ടപ്പെട്ടു. രണ്ടു വർഷം മുൻപാണ് ഉടമ ഈ ബോട്ട് നീറ്റിലിറക്കിയത്. ബോട്ട് തകർന്നതോടെ നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗം കൂടിയാണ് നിലച്ചത്.