കണ്ണൂരിൽ നിന്നും വിനോദ യാത്രക്കായി ഗോവയിൽ എത്തി കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

ഗോവ: കണ്ണൂരിൽ നിന്നും വിനോദ യാത്രക്കായി ഗോവയിൽ എത്തി കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഗോവ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ സ്വദേശി നിർമൽ ഷാജു (21) ആണ് മരിച്ചത്. കണ്ണൂർ ശ്രീകണ്ഡാപുരം ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിലെ കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് നിർമൽ. ഇന്നലെ വൈകിട്ടോടെ തിരയിൽ പെട്ട നിർമലിന്റെ മൃതദേഹം നേവി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

Read more: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണമില്ലെന്ന് കണ്ട് കസ്റ്റംസ് വിട്ടയച്ചയാളിൽ നിന്ന് പൊലീസ് സ്വർണം പിടികൂടി

കാഞ്ഞങ്ങാട് അമ്പലത്തറയിൽ യുവാവിന്റെ പരാക്രമം തടയാനെത്തിയ അയൽവാസികൾക്ക് വെടിയേറ്റു

കാഞ്ഞങ്ങാട്: അമ്പലത്തറയിൽ യുവാവിന്റെ പരാക്രമം തടയാനെത്തിയ അയൽവാസികൾക്ക് വെടിയേറ്റു. അമ്പലത്തറക്കടുത്ത് കാലിച്ചാനടുക്കത്താണ് സംഭവം. ജോർജ് എന്നയാൾ തന്റെ വീട്ടിൽ പരാക്രമണം കാട്ടുന്നതിനിടെയാണ് സംഭവം. ജോർജ്ജിനെ തടയാൻ ചെന്ന ബെന്നി, തങ്കച്ചൻ എന്ന സക്കറിയ (52) എന്നിവർക്കാണ് വെടിയേറ്റത്. എയർഗൺ കൊണ്ട് വെടി വെയ്ക്കുകയായിരുന്നു എന്നാണ് വിവരം. ബെന്നിക്ക് കൈക്കും മുതുകിനും സക്കറിയക്ക് വയറിനുമാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമുള്ളതല്ല. വെടിവച്ച ജോർജിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി അമ്പലത്തറ പൊലീസ് അറിയിച്ചു. ജോർജിനെ മാനസിക ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Read more: ജോലിക്ക് പോകാൻ നിരന്തരം ആവശ്യപ്പെട്ടു; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കുട്ടനാട് ഹൗസ് ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ : കുട്ടനാട്ട് ഹൗസ് ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കിട്ടി. പള്ളാതുരുത്തി സ്വദേശി പ്രസന്നന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് മണിക്കൂറോളം പ്രസന്നനായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. മുങ്ങിയ ബോട്ടിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഇന്ന് രാവിലെയാണ് കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങിയത്. ഇതിനകത്തുണ്ടായിരുന്ന സാധനങ്ങൾ അതി സാഹസികമായി പുറത്തേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന്‍ ബോട്ടിനകത്ത് അകപ്പെട്ടത്. കുട്ടനാട് കന്നിട്ട ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. അതിഥികളെ ഇറക്കിയതിന് പിന്നാലെയാണ് ബോട്ട് മുങ്ങിയത്. ഫയർഫോഴ്സ് സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്.