വിദ്യാനഗറിലെ വാടക ക്വട്ടേഴ്സിൽ സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ഉബ്ബള്ളി സ്വദേശിനി സരസു ( 40 ) ആണ് മരിച്ചത്.

കാസർഗോഡ് : വിദ്യാനഗറിൽ വീടിനകത്ത് കർണാടക യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹുബ്ലി സ്വദേശിയായ ചന്ദ്രന്റെ ഭാര്യ സരസുവിന്റെ മൃതദേഹമാണ് മൂടിപ്പുതച്ചനിലയിൽ കണ്ടെത്തിയത്. 

കൂലി വേലക്കാരായ ചന്ദ്രനും ഭാര്യ സരസുവും വിദ്യാനഗർ ചാലറോഡിവെ വാടക കെട്ടിടത്തിലാണ് താമസം. കഴിഞ്ഞ ചൊവ്വാഴ്ച വീടിന്റെ താക്കോൽ തിരിച്ചേൽപ്പിച്ച് ചന്ദ്രൻ നാട്ടിലേക്ക് പോയി. രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇയാൾ പിന്നീട് തിരിച്ചെത്തിയില്ല. മൊബൈൽ ഫോൺ പ്രവർത്തന രഹിതമാണ്. പണിസാധനങ്ങൾ തിരിച്ചെടുക്കുന്നതിനായി തൊഴിലുടമ വീട് തുറന്നതോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. എങ്ങിനെയാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല. ചന്ദ്രനും സരസുവും തമ്മിൽ തർക്കങ്ങൾ പതിവാണെന്ന് സമീപവാസികൾ പറഞ്ഞു. ഇതിനിടെ ചന്ദ്രൻ തന്നെയാകാം കൊല നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കാസർഗോഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.