പെരുമാതുറ ബോംബേറ്: മൂന്ന് പേര്‍ പിടിയിൽ, യുവാവിന്‍റെ പരിക്ക് ഗുരുതരം
ഗുരുതരമായി പരിക്കേറ്റ അര്‍ഷിദ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റാണ് അർഷിദ്

തിരുവനന്തപുരം: പെരുമാതുറ മാടൻ വിളയിൽ വീടുകൾക്ക് നേരെ ബോംബെറിഞ്ഞ കേസിൽ മൂന്ന് പേര്‍ പിടിയിൽ. നിരവധി കേസുകളിൽ പ്രതികളായ ചിറയിൻകീഴ് ആറ്റിങ്ങൽ സ്വദേശി ആകാശ്, അബ്ദുൽ റഹ്മാൻ, സഫീർ എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
മാടൻവിള സ്വദേശികളായ അർഷിദ്, ഹുസൈൻ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അര്‍ഷിദ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റാണ് അർഷിദ്. ആദ്യം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘമാണ് വീടുകള്‍ക്ക് നേരെ നാടൻ ബോംബെറിഞ്ഞത്. വാഹനങ്ങൾക്കും വീടുകൾക്കും കേടുപാട് സംഭവിച്ചു. വീടിന്‍റെ ജനലുകൾ ആക്രമണത്തിൽ തകർന്നു. ആക്രമണത്തിന്‍റെ കാരണം ഉള്‍പ്പെടെ ചോദ്യംചെയ്യലിന് ശേഷമേ വ്യക്തമാകൂ.
ഇന്നലെ ഉച്ചയോടെ കാറിലെത്തിയ ഒരു സംഘം പ്രദേശവാസികളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇവർ തന്നെയാണ് രാത്രിയിൽ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം