കല്‍പ്പറ്റ: കൊവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്തര്‍ സംസ്ഥാന ഗതാഗതം നിരോധിച്ചതോടെ വയനാട്ടില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനജീവിതം ദുരിതത്തില്‍. കേരളത്തിലെ തന്നെ ടൗണുകളിലേക്ക് യാത്ര ചെയ്യാന്‍ പല ഗ്രാമങ്ങള്‍ക്കും ആശ്രയിക്കേണ്ടത് അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ റോഡുകളെയാണ്. എന്നാല്‍, ഇത് അനുവദിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് പരാതി. 

തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന, നെന്മേനി പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മാങ്ങാച്ചാല്‍, പാറക്കുഴിപ്പ് പ്രദേശവാസികളെയാണ് കേരളത്തിലേക്ക് കടത്തിവിടാതിരിക്കുന്നത്. ഇവരുടെ താമസം കേരളത്തിലാണെങ്കിലും ഉപയോഗിക്കുന്ന റോഡ് തമിഴ്നാടിന്റേതാണ്. തമിഴ്നാട്ടില്‍ നിന്നുള്ള അയ്യങ്കൊല്ലി-നമ്പ്യാര്‍കുന്ന് റോഡിലൂടെ സഞ്ചരിച്ചാണ് ഇവര്‍ അടുത്തുള്ള കേരളത്തിലെ ടൗണിലെത്തുന്നത്. എന്നാല്‍, ലോക്കഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം തമിഴ്നാട്ടില്‍ നിന്നുവരുന്ന വാഹനങ്ങളെയും യാത്രക്കാരെയും കേരളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. 

ഇതോടെ അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും പോകാന്‍ സാധിക്കാതെ പ്രയാസമനുഭവിക്കുകയാണ് ഇവര്‍. അമ്പതോളം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്. ഇവരുടെ ക്ഷീരസംഘം ഓഫീസ്, ബാങ്ക് എന്നിവയെല്ലാം ചീരാല്‍ ടൗണിലാണ്. അതിര്‍ത്തിയടച്ചതോടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമെല്ലാം കൈപ്പറ്റാന്‍ ഇവര്‍ക്ക് ഇവിടേക്കുവരാന്‍ കഴിയാത്ത സ്ഥിതിയാണ്. 

റേഷന്‍ വാങ്ങാനും ആശുപത്രിയില്‍ പോകാനും ഊടുവഴികളിലൂടെ ഏറെദൂരം കാല്‍നടയായി യാത്ര ചെയ്യണമെന്നതാണ് സ്ഥിതി. ഗ്രാമങ്ങളിലേറെയും ക്ഷീര കര്‍ഷകരാണ്. റോഡ് ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ കാലിത്തീറ്റ തലച്ചുമടായി എത്തിക്കേണ്ട ഗതികേടിലാണ്. അതേസമയം പ്രശ്‌നം ബോധ്യപ്പെട്ടതായും നീലഗിരി ജില്ല കളക്ടറുമായി സംസാരിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയതിന് ശേഷം അറിയിച്ചു.