കുറച്ച് ആഴമുള്ള ഓവുചാലിലാണ് മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത് അയാളുടെ ഹെൽമെറ്റും കിടപ്പുണ്ട്. 

കോഴിക്കോട്: കോഴിക്കോട് കണ്ണാടിക്കല്‍ പൊളിച്ച പീടികക്ക് സമീപം ഓവു ചാലില്‍ ബോക്സിംഗ് പരിശീലകനായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്..മൃതദേഹത്തിന് സമീപത്ത് നിന്നും വിഷ്ണുവിന്‍റെ ബൈക്കും ഹെല്‍മറ്റും കണ്ടെടുത്തു.. ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാകാം വിഷ്ണു മരിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.

തടമ്പാട്ടുതാഴം കണ്ണാടിക്കല്‍ റോഡില്‍ പൊളിച്ച പീടികക്ക് സമീപമുള്ള ഓവുചാലില്‍ രാവിലെ എട്ടു മണിയോടെയാണ് വിഷ്ണുവിന്‍റെ മൃതദേഹം പരിസര വാസികള്‍ കണ്ടത്. തൊട്ടടുത്ത് തന്നെയായി വിഷ്ണുവിന്‍റെ ബൈക്കും ഹെല്‍മററും കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് കുരുവട്ടൂരിലെ വീട്ടില്‍ നിന്നും വിഷ്ണു പുറത്ത് പോയത്. പിന്നീട് തിരിച്ചെത്തിയിരുന്നില്ല. കോഴിക്കോട് ഡി സിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ബൈക്ക് തെന്നി മാറി ഓവുചാലില്‍ വീണതാകാമെന്നാണ് പോലീസിന്‍റെ നിഗമനം. ആഴത്തിലുള്ള ഓവുചാലായതിനാല്‍ അപകടം ആരുടേയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകില്ലെന്നും പോലീസ് പറയുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്