ആന്തരിക രക്തസ്രാവം ഉണ്ടായെങ്കിലും നടന്ന സംഭവമൊന്നും പറയാതെ ഓട്ടോ വിളിച്ച് വീട്ടിലെത്തിക്കുകയായിരുന്നു ഒപ്പമുണ്ടായിരുന്നവർ ചെയ്തത്. 

തൃശൂര്‍: മദ്യം വാങ്ങി നല്‍കിയതിന്റെ പണം ആവശ്യപ്പെട്ട വൈരാഗ്യത്തില്‍ റോഡിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് പരിക്കേറ്റയാള്‍ മരിച്ചു. പുതുക്കട് തൃക്കൂര്‍ കോനിക്കരയിലാണ് സംഭവം. കോനിക്കര സ്വദേശി വാഴപ്പറമ്പന്‍ വീട്ടില്‍ ജോസ് (58) ആണ് മരിച്ചത്. കഴിഞ്ഞ 16 ന് കോനിക്കര പാടത്തുവെച്ചായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെതിരെ കൊലപാതക കുറ്റത്തിന് കേസ് എടുത്തു. തൃക്കൂര്‍ മുട്ടന്‍സ് കോര്‍ണര്‍ സ്വദേശി തുണ്ടത്തില്‍ വീട്ടില്‍ റോയിയെ പുതുക്കാട് പൊലീസ് മുന്‍പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.

മദ്യപിക്കുന്നതിനിടെ മദ്യത്തിന്റെ പണം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ റോഡിലേക്ക് ബലമായി തള്ളിയിട്ടതോടെ ജോസിന്റെ തലയോട്ടി പൊട്ടുകയും തലയില്‍ ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ആയിരുന്നു. പക്ഷെ, ഇക്കാര്യം പറയാതെ ജോസിനെ ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലെത്തിച്ചു. അടുത്തദിവസം രാവിലെ ഉണരാതെ വന്നതോടെയാണ് വീട്ടുകാര്‍ ജോസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ - ഫെമിന. മക്കള്‍ - സാന്ദ്ര, ബ്രദര്‍ സാമുവേല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം