Asianet News MalayalamAsianet News Malayalam

പോക്സോ കേസ് പ്രതിയായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ ഫേസ്ബുക്ക് ചിത്രങ്ങളുമായി വിടി ബൽറാം

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് പിടിയിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ ഫേസ്ബുക്ക് ചിത്രങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം

VT Balram with Facebook pictures of POCSO case accused DYFI local leader
Author
First Published Dec 7, 2022, 9:39 PM IST

തിരുവനന്തപുരം: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് പിടിയിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ ഫേസ്ബുക്ക് ചിത്രങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം. ഒരു പെൺകുട്ടിയെ രണ്ട് വ‍ര്‍ഷത്തോളം പീഡിപ്പിച്ചതിന്റെയും മയക്കുമരുന്ന് കച്ചവടത്തിന്റെയും പേരിൽ  അറസ്റ്റിലായ ജിനേഷ്  ജയന്റെ 2014 മുതലുള്ള ചിത്രങ്ങളാണ് എന്ന് പറ‍ഞ്ഞാണ് കുറിപ്പ്. പരസ്യമായിത്തന്നെ  ഇയാൾക്കെതിരെ പലപ്പോഴും സ്ത്രീകൾ പരാതി ഉന്നയിച്ചിട്ടും സ്ഥലത്തെ പ്രധാന ഡിവൈഎഫ്ഐ നേതാവും സാംസ്കാരിക പ്രവ‍ര്‍ത്തകനുമായി ഇയാൾ തുടരുകയായിരുന്നു എന്നും ബൽറാം ആരോപിക്കുന്നു.

കുറിപ്പിങ്ങനെ...

ഇപ്പോഴും പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ രണ്ട് വർഷത്തോളമായി പീഡിപ്പിച്ചതിന്റേയും മയക്കുമരുന്ന് കച്ചവടത്തിന്റേയുമൊക്കെ പേരിൽ പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത മലയിൻകീഴിലെ ഡിവൈഎഫ്ഐ നേതാവ് സഖാവ് ജിനേഷ് ജയന്റെ 2014 മുതലുള്ള ചില പ്രൊഫൈൽ ചിത്രങ്ങൾ. മുൻപും ഗുരുതരമായ ആരോപണങ്ങൾ ഇയാൾക്കെതിരെ പരസ്യമായിത്തന്നെ നിരവധി സ്ത്രീകൾ ഉന്നയിച്ചിരുന്നുവെങ്കിലും സ്ഥലത്തെ പ്രധാന ഡിവൈഎഫ്ഐ നേതാവും സാംസ്ക്കാരിക പ്രവർത്തകനുമായി ഇയാൾ തുടർന്നുവരികയായിരുന്നു.

പെൺകുട്ടിയെ കാണാതായതിൽ തുടങ്ങിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.  തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. അന്വേഷണ സംഘത്തെപ്പോലും അമ്പരപ്പിച്ച കേസിന്റെ ആരംഭത്തിന് ഈ മാസം രണ്ടിനായിരുന്നു തുടക്കം. തന്റെ മകളെ കാണാനില്ലന്ന പരാതിയുമായി അമ്മ രാത്രിയിൽ മലയിൻകീഴ് പൊലീസിനെ സമീപിക്കുകയും. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി തമ്പാനൂർ ഭാഗത്ത്‌ ഉണ്ടെന്ന് കണ്ടെത്തി. 

റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും റെയിൽവേ പൊലീസിന്റെ സഹായത്തോടെ പെൺകുട്ടിയെയും തൃശൂർ, കുന്നംകുളം സ്വദേശിയായ എസ്. സുമേജ് (21) എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇരിങ്ങാലക്കുടയിൽ കാറ്ററിംഗ് ജോലി ചെയ്യുകയാണെന്നും പെൺകുട്ടിയുമായി തൃശൂരിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നതായും ഇയാള് വെളിപ്പെടുത്തി. 

ഇൻസ്റ്റാഗ്രാമിലൂടെ ആറുദിവസത്തെ പരിചയം കൊണ്ടുള്ള പ്രണയം ആയിരുന്നുവെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയിൽ നിന്നും പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

മലയിൻകീഴ് സ്വദേശിയായ 16-- കാരൻ പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തതോടെ വിളവൂർക്കൽ, മലയം സ്വദേശികളായ മറ്റു ആറുപേർ കൂടി പെൺകുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായും നഗ്ന ചിത്രങ്ങളും വീഡിയോയും പകർത്തിയിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. ഇതേതുടർന്ന് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഡി  ശില്പയുടെ മേൽനോട്ടത്തിൽ കാട്ടാക്കട ഡിവൈ എസ്പി അനിൽകുമാർ, മലയിൻകീഴ് എസ്.എച് ഒ  ജി പ്രതാപചന്ദ്രൻ എന്നിവരടങ്ങിയ മലയിൻകീഴ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം പങ്കെടുപ്പിച്ച് സ്പെഷ്യൽ ടീം ഉണ്ടാക്കി അന്വേഷണ ചുമതല ഏൽപ്പിച്ചു. 

പെൺകുട്ടി വെളിപ്പെടുത്തിയ പേരുകളിൽ പ്രധാനിയായിരുന്ന ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖലാ പ്രസിഡന്റ്‌ മലയം ജിനേഷ് ഭവനിൽ ജിനേഷിനെ (29) പൊലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ ഫോൺ പരിശോധിച്ച അന്വേഷണസംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പെൺകുട്ടിയുടെ നഗ്ന വീഡിയോക്ക് പുറമെ ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 30 ലേറെ വിവാഹിതരും അല്ലാത്തവരുമായ യുവതികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി ഐഫോണിൽ സൂക്ഷിച്ചിരിക്കയായിരുന്നു. 

പൊലീസ് പിടിച്ചെടുത്ത ഫോൺ ഫോറെൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പെൺകുട്ടിയോടൊപ്പം പിടികൂടിയ തൃശൂർ, കുന്നംകുളം, കൊടുങ്ങല്ലൂർ കൊന്നത്ത് വീട്ടിൽ എസ്. സുമേജ് (21), വിളവൂർക്കൽ മലയം, ചൂഴാറ്റുകോട്ട, പൂഴിക്കുന്നു സ്വദേശികളായ ജിനേഷ് (29), മണികണ്ഠൻ (27), വിഷ്ണു (23), അഭിജിത് (21), സിബിൻ (20), അനന്തു അച്ചു (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂഴിക്കുന്നിൽ ഹെയർ കട്ടിങ് ബ്യൂട്ടി പാർലർ നടത്തുകയാണ് വിഷ്ണു. അനന്തു എന്ന അരുൺ, അഭിജിത് എന്നിവർ കഞ്ചാവ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് മറ്റുള്ളവരെ പെൺകുട്ടിയിലേക്ക് ആകർഷിപ്പിച്ചതെന്ന് മലയിൻകീഴ് പോലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios