കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ മേഖലാ ഹെൽത്ത് ഓഫീസിൽ വിജിലൻസ് റെയ്ഡ്. മൂവായിരം രൂപ കൈകൂലി വാങ്ങിയ ഉദ്യോഗസ്ഥനെ റെയ്ഡിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മേഖലാ ഹെൽത്ത് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് സിനിലിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് വിജിലൻസ് പരിശോധന തുടങ്ങിയത്.

ഡി ആൻഡ് ഒ ലൈസൻസ് അനുവദിക്കുന്നതിനായാണ് ഇയാൾ അപേക്ഷകന്‍റെ കൈയ്യിൽ നിന്ന് പണം ആവശ്യപ്പെട്ടത്. ഇതോടെ അപേക്ഷകൻ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വിജിലൻസ് നൽകിയ നോട്ട് ഓഫീസിലെത്തി ഉദ്യോഗസ്ഥന് കൈമാറുന്നതിനിടെ കാത്തു നിന്ന വിജിലൻസ് സംഘം സിനിലിനെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഡി ആൻഡ് ഒ ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നെന്ന പരാതി നിലനിൽക്കെയാണ് അറസ്റ്റ്.