ആലപ്പുഴ: പൗരത്വനിയമഭേദഗതിക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ പങ്കുചേര്‍ന്ന് വധൂവരന്‍മാരും. ആലപ്പുഴ ചേര്‍ത്തലയില്‍ നിന്നുള്ള വിഷ്ണുവും ശരണ്യയുമാണ് വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം വിവാഹവേഷത്തില്‍ മനുഷ്യശൃംഖലയില്‍ പങ്കെടുക്കാനെത്തിയത്. ഇന്ന് രാവിലെ ശരണ്യയുടെ വീട്ടില്‍ വെച്ചായിരുന്നു വിവാഹം. വിവാഹവേദിയില്‍ നിന്നാണ് ഇരുവരും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയത്. ചേര്‍ത്തലയിലാണ് ഇരുവരും മനുഷ്യശൃംഖലയില്‍ പങ്കുചേര്‍ന്നത്. 

കായംകുളം സ്വദേശികളായ  ഷെഹ്ന ഷിനു ദമ്പതിമാരും വിവാഹ വേഷത്തിൽ തന്നെ പ്രതിഷേധ വേദിയിലേക്ക് എത്തിയിരുന്നു. യു പ്രതിഭ എംഎൽഎക്കൊപ്പമാണ് ഇവര്‍ മനുഷ്യമഹാ ശൃംഖലയിൽ പങ്കെടുത്തത്.വധുവിന്റെയും വരന്‍റെയും കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ അണിചേരാനെത്തിയിരുന്നു.

കുമാരപുരം സ്വദേശികളായ രതീഷും ആതിരയും വിവാഹവേദിയില്‍ നിന്നെത്തി മനുഷ്യശൃംഖലയില്‍ പങ്കെടുത്തു.ഡിവൈഎഫ്ഐ നേതാവുകൂടിയാണ് രതീഷ്. ഇവരുടെ കുടുംബവും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.