വലതു കൈ ഒടിഞ്ഞതിനാൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. യുവാവിന്‍റെ പോക്കറ്റിൽ നിന്നും വെഞ്ഞാറമൂട്ടിലെ ഒരു മൊബൈൽ സർവീസ് സെന്‍ററിന്‍റെ രസീത് ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: വെള്ളായണി കായലിൽ കാക്കാമൂല ഭാഗത്ത് ചെളിയിൽ പുതഞ്ഞ് നിലവിളിച്ച യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. അബോധാവസ്ഥയിൽ ആയതിനാൽ ഇതുവരെ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. കാക്കാമൂല - കാർഷിക കോളജ് ബണ്ട് റോഡിൽ പാലം നിർമ്മിക്കുന്നതിന് സമീപം കായലിലാണ് ചെളിയിൽ പുതഞ്ഞ് താഴ്ന്ന യുവാവ് നിലവിളിച്ചത്.

സമീപത്ത് പാലം നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളികളാണ് നിലവിളി ശബ്ദം കേട്ട് യുവാവിനെ കണ്ടെത്തിയത്. ഇവർ അറിയിച്ചതനുസരിച്ച് നാട്ടുകാരും പാലം പണി നടക്കുന്ന സ്ഥലത്തെ ജീവനക്കാരും പൊതുപ്രവർത്തകരും ചേർന്ന് കയർ എറിഞ്ഞു നൽകിയാണ് യുവാവിനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. കരയിലെത്തിയപ്പോൾ യുവാവ് ഛർദ്ദിക്കുകയും തുടർന്ന് അബോധാവസ്ഥയിൽ ആവുകയുമായിരുന്നു. ഉടൻ തന്നെ 108 ആംബുലൻസിൽ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചു.

വലതു കൈ ഒടിഞ്ഞതിനാൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. അബോധാവസ്ഥയിൽ തുടരുകയാണ്. യുവാവിന്‍റെ പോക്കറ്റിൽ നിന്നും വെഞ്ഞാറമൂട്ടിലെ ഒരു മൊബൈൽ സർവീസ് സെന്‍ററിന്‍റെ രസീത് ലഭിച്ചിട്ടുണ്ട്. അനന്തു എന്ന പേര് രേഖപ്പെടുത്തിയ രസീത് ആണെങ്കിലും ഇത് യുവാവിന്‍റെ പേരാണോയെന്നത് വ്യക്തമല്ല. മൊബൈൽ ഷോപ്പ് ഉടമകളെയും നാട്ടുകാർ ബന്ധപ്പെട്ടെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.