ആറ് വർഷം മുമ്പ് നടന്ന സംഭവത്തിലാണ് കോടതി വിചാരണ പൂ‍ർത്തിയാക്കി ശിക്ഷ വിധിച്ചത്. മോഷ്ടാവിന് പുറമെ മോഷണ സ്വർണം വാങ്ങിയയാളിനും ശിക്ഷ വിധിച്ചിട്ടുണ്ട്. 

മാനന്തവാടി: ഭവനഭേദനം നടത്തി 29 ഓളം പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മോഷ്ടാവിനും മോഷണ മുതല്‍ സ്വീകരിച്ചയാള്‍ക്കും തടവും പിഴയും. മോഷണം നടത്തിയ വെള്ളമുണ്ട അഞ്ചാംമൈല്‍ കുനിയില്‍ അയ്യൂബ് (48)നെയും, മോഷണ മുതല്‍ സ്വീകരിച്ച കോഴിക്കോട് പന്നിയങ്കര ബിച്ച മന്‍സിലില്‍ അബ്ദുല്‍ നാസറിനെയുമാണ് (61) മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 

ഭവനഭേദനം, മോഷണം, വസ്തുക്കള്‍ തകര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കായി അയ്യൂബിന് വിവിധ വകുപ്പുകളിലായി അഞ്ചര വര്‍ഷം തടവും 50000 രൂപ പിഴയും, നാസറിന് രണ്ടര വര്‍ഷം തടവിനും 25,000 രൂപ പിഴ അടക്കാനുമാണ് ശിക്ഷിച്ചത്.

2018 ഏപ്രില്‍ 23ന് ചുണ്ടമുക്ക് രണ്ടേ നാലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇവിടെ കുഞ്ഞബ്ദുള്ള എന്നയാളുടെ വീടിന്റെ മുന്‍ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയാണ് അയ്യൂബ് മോഷണം നടത്തിയത്. 29 പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ കവര്‍ന്നു. പിന്നീട് നാസറിന് മോഷണ മുതല്‍ വില്‍ക്കുകയായിരുന്നു. 

സംഭവ ശേഷം മുങ്ങിയ പ്രതിയെ 4 വര്‍ഷങ്ങള്‍ക്ക് ശേഷം 2022-ല്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആയിരുന്ന എം.എം അബ്ദുള്‍കരീമിന്റെ നേതൃത്വത്തില്‍ എറണാകുളത്തു വച്ച് പിടികൂടുകയായിരുന്നു. വയനാട്ടിലും പുറത്തുമായി അയ്യൂബ് നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ മരട്, പടിഞ്ഞാറത്തറ, പനമരം, വെള്ളമുണ്ട തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ അയ്യൂബിന്റെ പേരില്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം