ചേര്‍ത്തല: ദേശീയ പാതയില്‍ ബൈക്ക് അപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 3 ാം വാര്‍ഡില്‍ തൈയ്ക്കല്‍ ആയിരം തൈയ്യില്‍ വെളീംപറമ്പില്‍ മത്സൃ തൊഴിലാളിയായ ദാസന്‍ ശോഭ ദമ്പതികളുടെ മക്കളായ അജേഷ്(38), അനീഷ് (36) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. ഇരുവരും ഹോട്ടല്‍ മാനേജ്‌മെന്റ് ജോലി നോക്കുന്നവരാണ്. കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ ജോലി നോക്കുന്ന അനീഷ് എറണാകുളത്ത് എത്തി സഹോദരന്‍ അജേഷുമൊത്ത് വീട്ടിലേക്ക് വരുമ്പോള്‍ പട്ടണക്കാട് ബിഷപ്പ് മൂര്‍ സ്‌കൂളിന് സമീപം വച്ച് പിന്നില്‍ നിന്നും വന്ന വാഹനം ബൈക്ക് തട്ടി തെറിപ്പിക്കുകയായിരുന്നു.

ഇടിച്ച വാഹനം നിര്‍ത്താതെ പോയി. റോഡിന്‍റെ ഇരുവശത്തുമായി കിടന്ന ഇവരെ വെളിച്ച കുറവ് മൂലം കാണാതെ മറ്റുള്ള വാഹനങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചു.