പൊന്നാനി വെളിയങ്കോട് വീട്ടമ്മയെയും ഭര്‍ത്താവിനെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സഹോദരന്‍മാര്‍ അറസ്റ്റില്‍

മലപ്പുറം: പൊന്നാനി വെളിയങ്കോട് വീട്ടമ്മയെയും ഭര്‍ത്താവിനെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സഹോദരന്‍മാര്‍ അറസ്റ്റില്‍. വെളിയങ്കോട് പൂക്കൈത കടയില്‍ താമസിക്കുന്ന നെല്ലിക്ക പറമ്പില്‍ സുലൈഖ (45), ഹനീഫ (52) എന്നിവരെയാണ് അക്രമിച്ചത്.

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി സഹോദരീ ഭര്‍ത്താവിനെ പൈപ്പ് കൊണ്ട് തലക്കടിക്കുകയും, സഹോദരിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കുകയും ചെയ്‌തെന്നാണ് പരാതി. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമമെന്നാണ് പറയുന്നത്. കഴിഞ്ഞ 17 വര്‍ഷമായി കൂട്ടു സ്വത്തായ തറവാട്ടിലാണ് സഹോദരിയും ഭര്‍ത്താവും താമസിക്കുന്നത്. ഇത് ഭാഗം വെക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍മാര്‍ രംഗത്ത് വരികയായിരുന്നു.

ഇത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പൊന്നാനി പൊലീസ് ചര്‍ച്ചക്ക് വിളിച്ചതിന് തലേ ദിവസമാണ് സഹോദരന്‍മാര്‍ വീട്ടില്‍ കയറി ആക്രമിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹനീഫയെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് പൊന്നാനി പൊലീസ് സഹോദരന്‍മാരായ സമദ്, മുത്തു, ഇബ്രാഹിം എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read more: മലപ്പുറത്ത് ആൾട്ടോ കാറിന് ഹെൽമെറ്റ് വയ്ക്കാത്തതിന് 500 രൂപ പിഴ, ഓൺലൈനിൽ നോക്കിയപ്പോൾ കണ്ടത് മറ്റൊരു ചിത്രം!