പ്രധാന സാക്ഷികളെല്ലാം കൂറുമാറിയ കേസിലാണ് നെടുമങ്ങാട് എസ്സിഎസ്ടി കോടതിയുടെ വിധി.
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ വച്ച് സുധീഷിനെ ആക്രമിച്ച് കാൽവെട്ടിയെടുത്ത് റോഡിലെറിഞ്ഞ് കൊന്ന കേസിലാണ് വിധി. കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. പ്രധാന സാക്ഷികളെല്ലാം കൂറുമാറിയ കേസിലാണ് നെടുമങ്ങാട് എസ്സിഎസ്ടി കോടതിയുടെ വിധി.
കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളിൽ നിന്നും രക്ഷപ്പെടാൻ ബന്ധുവീട്ടിൽ ഓടി കയറി സുധീഷിനെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി പ്രതികള്‍ വെട്ടിതുണ്ടമാക്കുകയായിരുന്നു. ഒന്നാം പ്രതി ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷാണ് കാൽവെട്ടിയെടുത്ത് അരകിലോമീറ്റർ അപ്പുറമുള്ള റോഡിലെറിഞ്ഞത്.
സുധീഷിന്റെ സഹോദരി ഭർത്താവ് ശ്യാം, മൂന്ന് കൊലക്കേസ് ഉള്‍പ്പെട 10 കേസിൽ പ്രതിയായ രാജേഷ് എന്നിവരാണ് ഒന്നു മുതൽ മൂന്നുവരെ പ്രതികള്‍. നിധീഷ്, നന്ദീഷ്, രഞ്ചിത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നിവരാണ് മറ്റു പ്രതികള്‍. കേസ് അപൂർവ്വങ്ങളിൽ അപൂവ്വമായി പരിഗണിച്ചത് ക്രിമിനൽ പശ്ചാത്തലമുള്ള സുധീഷിനും രാജേഷിനും വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.
പ്രാധാന സാക്ഷികളെല്ലാം പ്രതികളുടെ സംഘം ഭീഷണിപ്പെടുത്തിയതിനാൽ കൂറുമാറിയിരുന്നു. പ്രോസിക്യൂഷനും പൊലിസിനുവരെ ഭീഷണി നേരിട്ട കേസിലാണ് കോടതി വിധി. തിരുവനന്തപുരം റൂറലിലെ ഗുണ്ടാസംഘങ്ങളാണ് ശിക്ഷക്കപ്പെട്ടത്. ഒട്ടകം രാജേഷെന്ന ഗുണ്ട ആദ്യമായാണ് ശിക്ഷക്കപ്പെടുന്നത്. രാജേഷിനെ പിടികൂടാൻ വർക്കലയിലെ ഒരു തുരുത്തിലേക്ക് പോകുമ്പോള്‍ വള്ളം മുങ്ങി ഒരു പൊലിസുകാരനും മരിച്ചിരുന്നു.
2021 ഡിസംബർ 11നായിരുന്നു കൊലപാതകം. പ്രതികളിൽ നിന്നും ഈടാക്കുന്ന പിഴയിൽ നിന്ന് ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട സുധീഷിന്റെ മാതാവിന് നൽകാനും നെടുമങ്ങാട് എസ്സിഎസ്ടി കോടതി ജഡ്ജി എ ഷാജഹാന്റെ ഉത്തരവിൽ പറയുന്നു. നെടുമങ്ങാട് ഡിവൈ എസ്പിയായരുന്ന സുൽഫിക്കറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
കൊച്ചിയിൽ ലഹരി മാഫിയ സംഘം 2 പേരെ തട്ടിക്കൊണ്ടുപോയി; അന്വേഷണം തുടങ്ങി പൊലീസ്


