ഭാര്യയുടെ തല ചുറ്റിക കൊണ്ട് അടിച്ച് പൊട്ടിച്ചു, കഴുത്തറുത്ത് കൊന്നു; നാടിനെ നടുക്കിയ കേസിലെ പ്രതി പിടിയിൽ
2004 ഏപ്രിൽ രണ്ടിനാണ് മാന്നാറിനെ നടുക്കിയ സംഭവം നടക്കുന്നത്

മാന്നാർ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണമധ്യേ ഒളിവിൽ പോയ പ്രതി 19 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. മാന്നാർ കുട്ടമ്പേരൂർ താമരപ്പള്ളിൽ വീട്ടിൽ കുട്ടികൃഷ്ണൻ ജി പി (55) ആണ് എറണാകുളം തൃക്കാക്കരയിൽ നിന്ന് പൊലീസിന്‍റെ പിടിയിലായത്. ഭാര്യ ജയന്തി (32) യെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കുട്ടികൃഷ്ണൻ. 2004 ഏപ്രിൽ രണ്ടിനാണ് മാന്നാറിനെ നടുക്കിയ സംഭവം നടക്കുന്നത്. കുട്ടികൃഷ്ണനും ജയന്തിയും തമ്മിൽ അന്നേ ദിവസം ഉച്ചക്ക് ശേഷം താമരപ്പള്ളിൽ വീട്ടിൽ വച്ച് വഴക്കുണ്ടാകുകയും ജയന്തിയെ ഭിത്തിയിലിടിപ്പിപ്പിച്ച് ബോധംകെടുത്തി തറയിലിട്ട് ചുറ്റിക ഉപയോഗിച്ച് തല അടിച്ച് പൊട്ടിക്കുക ആയിരുന്നു.
അന്ന് രാത്രി കുട്ടികൃഷ്ണൻ ഒന്നേകാൽ വയസ്സ് പ്രായമുണ്ടായിരുന്ന മകൾക്കൊപ്പം മൃതശരീരത്തിന് അടുത്ത് കഴിച്ചുകൂട്ടി. അടുത്ത ദിവസമാണ് കൊലപാതകവിവരം പുറത്തറിയുന്നതും കുട്ടികൃഷ്ണൻ അറസ്റ്റിലാകുന്നതും. കുട്ടികൃഷ്ണൻ ആദ്യം വിവാഹമൊഴിഞ്ഞ ശേഷം വള്ളികുന്നം സ്വദേശിനിയായ ജയന്തിയെ വിവാഹം കഴിച്ചു. വിവാഹശേഷമാണ് ജയന്തി ആദ്യം വിവാഹം കഴിച്ചിരുന്നുവെന്നുള്ള വിവരം കുട്ടികൃഷ്ണൻ അറിയുന്നത്. ആദ്യത്തെ വിവാഹകാര്യം മറച്ചുവെച്ചതും, ജയന്തിക്ക് മറ്റു പുരുഷന്മാരുമായി അവിഹിതബന്ധമുണ്ടെന്നുമുള്ള സംശയവും മൂലമുണ്ടായ വൈരാഗ്യമായിരുന്നു ജയന്തിയെ കൊലപ്പെടുത്താൻ കാരണം.
മഴ കുറഞ്ഞു, സഞ്ചാരികൾക്ക് സന്തോഷ വാർത്ത! പൊന്മുടിയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ നാളെ തുറക്കും
റിമാൻഡിൽ കഴിഞ്ഞ കുട്ടികൃഷ്ണൻ ജാമ്യത്തിലിറങ്ങിയ ശേഷം മാവേലിക്കര ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ വിസ്താര നടപടികൾക്കായി കേസ് അവധിക്ക് വെച്ച സമയം ഒളിവിൽ പോകുകയായിരുന്നു. കോടതിയിൽ വിചാരണയിലിരിക്കേ ഒളിവിൽ പോയതിനെ തുടർന്ന് പ്രതിയുടെ ജാമ്യം റദ്ദ് ചെയ്തു കോടതി ലോങ്ങ് പെന്റിങ് വാറന്റ് പുറപ്പെടുവിച്ചു. ഒളിവിൽ പോയ കുട്ടികൃഷ്ണനെ പിടികൂടാനായി നിരവധി തവണ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. 19 വർഷമായി ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടികൂടുന്നതിനായി 2023 ജൂണില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
ഒളിവിൽ പോയതിൽ പിന്നെ വീട്ടുകാരുമായോ ബന്ധുക്കളുമായോ സുഹൃത്തുക്കളുമയോ ബന്ധം പുലർത്തിയിരുന്നില്ല. പൊലിസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഒറീസ്സയിൽ ടയർ റിട്രേഡിങ് ജോലി ചെയ്യുന്നതായി കണ്ടെത്തി. അവിടെ നിന്ന് മുംബൈയിൽ ഷെയർ മാർക്കറ്റിംഗ് ബിസിനസുമായി പോകാറുണ്ടെന്നും മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഷെയർ മാർക്കറ്റിൽ ബിസിനസ് നടത്തി സാമ്പത്തിക നഷ്ടം വന്ന കുട്ടികൃഷ്ണൻ മുംബൈയിൽ നിന്ന് എറണാകുളം കളമശ്ശേരി സ്വദേശിക്കൊപ്പം പോയെന്നും അറിഞ്ഞു.
കൊച്ചിയിലുള്ള ഷെയർ മാർക്കറ്റിംഗ് ബിസിനസ് നടത്തുന്നവരിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ അനേഷണത്തിലാണ് കുട്ടികൃഷ്ണനെ കളമശ്ശേരിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ഡി വൈ എസ് പി എം കെ ബിനുകുമാർ, മാന്നാർ പോലീസ് ഇൻസ്പെക്ടർ ജോസ് മാത്യു, എസ് ഐ അഭിരാം സി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്കർ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ മാവേലിക്കര ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം