കോതമംഗലം പ്ലാമുടിയിൽ ഉപയോഗിക്കാതെ കിടന്ന ബഹുനില കെട്ടിടത്തിൻ്റെ മുകളിൽ കയറിയ പോത്തിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. പോത്ത് പടിക്കെട്ടുവഴി കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറുകയായിരുന്നു.രക്ഷാപ്രവർത്തനത്തിനൊടുവിൽ പോത്തിനെ താഴെയിറക്കി.
കൊച്ചി: എറണാകുളം കോതമംഗലം, പ്ലാമുടിയിൽ ബഹുനില കെട്ടിടത്തിൻ്റെ മുകളിൽ കയറിയ പോത്തിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പോത്തിനെ രക്ഷപ്പെടുത്തിയത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് പ്രദേശവാസിയുടെ മേയാൻ വിട്ട പോത്ത് ബഹുനില കെട്ടിടത്തിൻ്റെ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. ഉപയോഗിക്കാതെ ഇട്ടിരുന്ന മൂന്ന് നില കെട്ടിടത്തിൻ്റെ പടിക്കെട്ടുവഴിയാണ് പോത്ത് മുകളിലെത്തിയത്. കോതമംഗലത്ത് നിന്ന് എത്തിയ അഗ്നി രക്ഷാ സേന ആദ്യം പോത്തിനെ വരുതിയിൽ ആക്കിയ ശേഷം വടം കെട്ടി താഴേക്ക് ഇറക്കുകയായിരുന്നു.
