ഗ്രാവലും മണ്ണും നിറച്ച് ചാക്കുകൾ  അട്ടിയിടാനുള്ള പെടാപ്പാടും  സാമ്പത്തിക ചിലവും വെള്ളത്തിന്റെ ശക്തമായ തള്ളിച്ചയിൽ പാഴായതിന്റെ വിഷമത്തിലാണ് കർഷകർ

മാന്നാർ: നെൽകൃഷിക്കായുള്ള ഒരുക്കങ്ങൾ നടത്തി വിത വരെ പൂർത്തിയാക്കിയ ചെന്നിത്തല പാടശേഖരങ്ങളിൽ വീണ്ടും മടവീഴ്ച. ശക്തമായ മഴയിൽ അച്ചൻ കോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെന്നിത്തല 2, 5, 8, 9 ബ്ലോക്ക് പാടശേഖരങ്ങളിലായിരുന്നു കഴിഞ്ഞയാഴ്ച മടവീഴ്ച ഉണ്ടായത്.

അതിന് പിന്നാലെ കഴിഞ്ഞ ദിവസം ഒന്നാം ബ്ലോക്കിലും മൂന്നാം ബ്ലോക്കിലും മടവീഴ്ച ഉണ്ടായി. ഗ്രാവലും മണ്ണും നിറച്ച് ചാക്കുകൾ അട്ടിയിടാനുള്ള പെടാപ്പാടും സാമ്പത്തിക ചിലവും വെള്ളത്തിന്റെ ശക്തമായ തള്ളിച്ചയിൽ പാഴായതിന്റെ വിഷമത്തിലാണ് കർഷകർ. വിതയെല്ലാം നശിച്ചതോടെ വിത്തിനത്തിൽ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. മട വീഴ്ച ഉണ്ടായ സ്ഥലങ്ങളിൽ തെങ്ങും കുറ്റിയടിച്ച് ചെളികുത്തി മുട്ടിട്ട് സംരക്ഷണം ഒരുക്കുവാൻ ഇനിയും ലക്ഷങ്ങൾ വേണ്ടിവരും. വേനൽ മഴയിലും വെള്ളപ്പൊക്കത്തിലും മുമ്പ് കൃഷി നാശം സംഭവിച്ചതിന്റെ ആനുകൂല്യങ്ങളോ ഇൻഷുറൻസ് തുകയോ വർഷങ്ങളായിട്ടും പല കർഷകരിലും എത്തിയിട്ടില്ല. 

ചെന്നിത്തല പുഞ്ച 3-ാം ബ്ലോക്ക് പാടശേഖരത്തിൽ കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട് പാമ്പനം തോടിന്റെ കിഴക്ക് വടക്കേച്ചിറയിൽ വർഷങ്ങളായി മോട്ടോർ തറയും മോട്ടോറും പ്രവർത്തിപ്പിച്ച് വരികയാണ്. ഈ വർഷത്തെ കൃഷി തുറക്കുന്നതിനുള്ള പ്രാഥമിക ഒരുക്കങ്ങൾ നടന്നു വരവേ സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ച് മോട്ടോർ വെയ്ക്കുന്നതിനെതിരെ താല്ക്കാലിക നിരോധന ഉത്തരവ് നേടിയിരുന്നു. നെല്ലുല്‌പാദക സമിതി ഹാജരായി കാര്യങ്ങൾ ബോധിപ്പിക്കുകയും കൃഷി ഇറക്കുന്നതിനോ മോട്ടോർ വെയ്ക്കുന്ന തിനോ പ്രവർത്തിപ്പിക്കുന്നതിനോ വാച്ചാത്തോട് ഉപയോഗിക്കുന്നതിനോ യാതൊരുവിധ തടസ്സങ്ങളോ നിരോധന ഉത്തരവോ നിലവിൽ ഇല്ലായെന്നും കാണിക്കുന്ന മുൻസിഫ് കോടതി മാവേലിക്കരയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞതും. ഇതുമായി ബന്ധപ്പെട്ട് കേസ് നില നിൽക്കുകയാണ്. 

തുടക്കത്തിൽ തന്നെ കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ശാശ്വതമായ പരിഹാരത്തിനായി അധികൃതരുടെ ഇടപെടലുകൾ ഉണ്ടാവണമെന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ചെന്നിത്തല മൂന്നാം ബ്ലോക്ക് സെക്രട്ടറി രാജൻ.എം വാലുപറമ്പിൽ, ഒന്നാം ബ്ലോക്ക് പ്രസിഡന്റ് അജിത് കുമാർ എന്നിവർ ആവശ്യപ്പെട്ടു

ട്രാഫിക് പൊലീസ് റോഡ് തുറന്നപ്പോൾ സിഗ്നലില്ല, നോക്കിയപ്പോൾ പെട്ടിയിലെ 8 ബാറ്ററികൾ കാണാനില്ല; റോഡടച്ചു, അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം