അമ്പലപ്പുഴയിലെ പുന്നപ്ര തെക്ക് പഞ്ചായത്തിലെ പാടശേഖരത്തിൽ മട വീണു. 

അമ്പലപ്പുഴ: കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കൃഷിക്കായി ഒരുക്കിയ പാടശേഖരത്തില്‍ മടവീണു. പുന്നപ്ര തെക്ക് പഞ്ചായത്ത് പരപ്പില്‍ പാടശേഖരത്തിലാണ് മടവീണത്. ഞായറാഴ്ച രാത്രി 11 ഓടെ പാടശേഖരത്തിന്റെ കിഴക്കേബണ്ടിലാണ് മടവീഴ്ചയുണ്ടായത്. മാതൃകാ പാടശേഖരമായി തെരഞ്ഞെടുത്ത് വിത്ത് ഉത്പാദന കേന്ദ്രമാക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുകയായിരുന്നു.

ഇതിന്റെ ഭാഗമായി പുറം ബണ്ട് കല്ല് കെട്ടി സംരക്ഷിക്കുന്ന ജോലിയാണ് നടന്നുവന്നിരുന്നത്. പാതിവഴിയിലായ ബണ്ടിലെ കല്ലുള്‍പ്പടെ പത്ത് മീറ്ററോളം നീളത്തില്‍ ഒലിച്ചുപോയി. രണ്ടാം കൃഷിക്ക് നിലം ഒരുക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ വെള്ളപ്പൊക്കം. അന്നും വെള്ളം കയറി പാടശേഖരം മുങ്ങിയിരുന്നു.

തുടര്‍ന്ന് വെള്ളം വറ്റിച്ച് കഴിഞ്ഞ രണ്ട് ദിവസമായി ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുതുകൊണ്ടിരിക്കെയാണ് മടവീണത്. ഞായറാഴ്ച വൈകിട്ട് ട്രാക്ടറുകള്‍ കരയ്ക്ക് കയറ്റിയതിനാല്‍ വണ്ടിക്ക് തകരാര്‍ സംഭവിച്ചില്ല. പരപ്പില്‍ പാടശേഖരം 42 ഏക്കറാണ്. തോട്ടിലുണ്ടായിരുന്ന പോളയും പാടശേഖരത്തില്‍ വ്യാപിച്ചിരിക്കുകയാണ്.