വർക്കല ഇടവ ശ്രീ മംഗലേശ്വരി ക്ഷേത്രത്തിൽ കവർച്ച നടത്തിയ അയിരൂർ സ്വദേശി അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവിയിൽ ദൃശ്യം ലഭിക്കാതിരിക്കാൻ പായ കൊണ്ട് ശരീരം മറച്ചാണ് ഇയാൾ മോഷണം നടത്തിയത്.

തിരുവനന്തപുരം: വർക്കല ഇടവ ശ്രീ മംഗലേശ്വരി ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതി പൊലീസിന്‍റെ പിടിയിലായി. അയിരൂർ സ്വദേശി അജിത്(30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു ക്ഷേത്രത്തിൽ മോഷണം നടന്നത്. രാവിലെ ജീവനക്കാരും ശാന്തിയും എത്തി നട തുറന്നപ്പോഴാണ് പ്രധാന ക്ഷേത്രത്തിന്‍റെയും ഉപദേവത ക്ഷേത്രങ്ങളുടെയും മുന്നിൽ വച്ചിരുന്ന കാണിക്കവഞ്ചികൾ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ ഉടൻ തന്നെ അയരൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തും പരിസരത്തുമുള്ള സിസിടിവി ക്യാമറകളിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ചിരുന്നു. ക്ഷേത്രത്തിലെ സിസിടിവിയിൽ ദൃശ്യം ലഭിക്കാതിരിക്കാൻ പായ കൊണ്ട് ശരീരം മറച്ചായിരുന്നു മോഷണം. എന്നാൽ ഗേറ്റിന് സമീപത്തെ ക്യാമറയിലടക്കം പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വീടിന് പരിസരത്തുനിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.