കോഴിക്കോട് കൊയിലാണ്ടിയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസുകാര്‍ സഞ്ചരിച്ച ബസ് കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് 28 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.   

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാര്‍ ഉള്‍പ്പെടെ 28 പേര്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടിയിലാണ് ബസില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് അപകടമുണ്ടായത്. വടകര മടപ്പള്ളിയില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മലപ്പുറത്തേക്ക് മടങ്ങുകയായിരുന്ന പോലീസ് സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലം പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് പുലര്‍ച്ചെ 12.45 ഓടെയാണ് സംഭവമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടോറസ് ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ തകര്‍ന്ന വാഹനങ്ങളുടെ ക്യാബിനുള്ളില്‍ ഡ്രൈവര്‍മാര്‍ കുടുങ്ങിപ്പോയി. കൊയിലാണ്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങളുടെ ഡോര്‍ കട്ട് ചെയ്ത് നീക്കിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റ 28 പേരെയും ഉടന്‍ കൊയിലാണ്ടി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു.