ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടച്ച് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്

കോഴിക്കോട്: ബസിലെ സ്ഥിരം യാത്രക്കാരിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. മേപ്പയ്യൂര്‍ കരുവുണ്ടാട്ട് സ്വദേശി കിഷക്കയില്‍ പ്രഭീഷിനെയാണ് (38) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. വടകര - പയ്യോളി - പേരാമ്പ്ര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് പ്രഭീഷ്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടച്ച് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രഭീഷിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഒടുവില്‍ വിധി വന്നു, 2021 ലെ ബത്തേരി പോക്‌സോ കേസ് പ്രതിയായ യുവാവിന് 39 വര്‍ഷം തടവും 95000 രൂപ പിഴയും

അതിനിടെ സുല്‍ത്താന്‍ബത്തേരിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവിന് വിവിധ വകുപ്പുകളിലായി 39 വര്‍ഷം തടവും 95000 രൂപ പിഴയും വിധിച്ചു എന്നതാണ്. ഇരുളം വാളവയല്‍ വട്ടത്താനി വട്ടുകുളത്തില്‍ വീട്ടില്‍ റോഷന്‍ വി റോബര്‍ട്ട് (27) നെയാണ് സുല്‍ത്താന്‍ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി നമ്പ്യാര്‍ ശിക്ഷിച്ചത്. 2021 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്നത്തെ കേണിച്ചിറ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ആയിരുന്ന എസ് സതീഷ്‌കുമാറാണ് കേസില്‍ അന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. സബ് ഇന്‍സ്പെക്ടര്‍ വി ആര്‍ അരുണ്‍ പൊലീസുകാരായ വി കെ ഏലിയാസ്, വി ജയപ്രകാശ്, മനോജ്, പാര്‍വതി, എം ടി സിന്ധു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം