തിരൂർ: നഗരത്തിൽ സ്വകാര്യ ബസ് തൊഴിലാളികൾ സംഘടിപ്പിക്കുന്ന പണിമുടക്ക് പൂര്‍ണ്ണം. അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിനകത്തെ ശുചിമുറികള്‍ തുറന്നുകൊടുക്കാൻ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ബസ്‌ തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്നത്.

വിദ്യാര്‍ഥികളും തൊഴിലാളികളും ഉൾപ്പെടെ ദിവസവും നൂറുകണക്കിന് യാത്രക്കാർ വന്നു പോയികൊണ്ടിരിക്കുന്ന തിരൂര്‍ ബസ് സ്റ്റാന്‍ഡിലെ ശൗചാലയം അറ്റക്കുറ്റപ്പണിയുടെ പേരില്‍ നാല് മാസത്തോളമായി അടച്ചു പൂട്ടിയിട്ടിരിക്കുകയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും പണി പൂർത്തീകരിച്ച് തുറന്നുകൊടുക്കാതെ നഗരസഭ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നാണ് സ്വകാര്യ ബസ് തൊഴിലാളികളുടെ പരാതി.

ദീര്‍ഘ ദൂര സര്‍വീസുള്ള ബസുകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് തിരൂര്‍ നഗരത്തിലേക്ക് വരാതെയാണ് സര്‍വീസ് നടത്തിയതെന്ന് ബസ് തൊഴിലാളിയായ റാഫി പറഞ്ഞു. രാവിലെ ആറു മണിക്ക് തുടങ്ങിയ പണിമുടക്ക് രാത്രി പന്ത്രണ്ട് മണി വരെയാണ്. പണിമുടക്കിയ തൊഴിലാളികള്‍  നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയതായും റാഫി കൂട്ടിച്ചേർത്തു.

അതേസമയം, അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും സാമൂഹ്യവിരുദ്ധര്‍ പൈപ്പ് പൊട്ടിച്ചതുകൊണ്ടാണ് ശുചിമുറികള്‍ തുറന്നുകൊടുക്കാൻ വൈകുന്നതെന്ന് നഗരസഭ ചെയര്‍മാൻ കെ ബാവ പറഞ്ഞു.