Asianet News MalayalamAsianet News Malayalam

ബസിടിച്ച് യുവാവ് മരിച്ചു: മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു, ബസിൽ യുവാവിന്‍റെ ഫ്ലക്സ് കെട്ടി പ്രതിഷേധം

അപകടമുണ്ടാക്കിയ കിരൺ എന്ന കമ്പനിയുടെ ബസ് തടഞ്ഞ്, ബസിൽ മരിച്ച യുവാവിന്റെ ഫ്ലക്സ് കെട്ടിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

bus hit youth killed protest carrying his body at road thrissur SSM
Author
First Published Nov 13, 2023, 4:02 PM IST

തൃശൂർ: ബൈക്കപകടത്തിൽ മരിച്ച യുവാവിന്‍റെ  മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ച്  പ്രതിഷേധിച്ചു. അശ്രദ്ധമായി ഓടിച്ച ബസ് ഇടിച്ചതിനെ തുടര്‍ന്ന് മരിച്ച സൗരവിന്‍റെ മൃതദേഹവുമായാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. 

അരിമ്പൂർ - കാഞ്ഞാണി - തൃശൂർ സംസ്ഥാന പാതയിൽ  കഴിഞ്ഞ ദിവസമായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ബസിടിക്കുകയായിരുന്നു. എറവ് സ്വദേശിയാണ് മരിച്ച സൗരവ് (25). ഇതോടെയാണ് റോഡിൽ വാഹനം തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചത്. അപകടമുണ്ടാക്കിയ കിരൺ എന്ന കമ്പനിയുടെ ബസ് തടഞ്ഞ്, ബസിൽ മരിച്ച യുവാവിന്റെ ഫ്ലക്സ് കെട്ടി നാട്ടുകാർ പ്രതിഷേധിച്ചു.

എറവ് കപ്പൽപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. തൃശൂരിലേക്ക് പോവുകയായിരുന്ന ബസും എതിർദിശയിൽ വന്ന സൗരവ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൗരവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കുറുക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും എത്തിച്ചു.

സൌരവിന്‍റെ ആന്തരിക അവയവങ്ങൾക്കും ഒരു കണ്ണിനും ഗുരുതരമായി ക്ഷതം ഏറ്റിരുന്നു. തുടയെല്ല് പൊട്ടി, വാരിയെല്ലുകൾ ഒടിഞ്ഞു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് ഇന്ന് സംസ്കരിക്കും. തൃശൂരിലെ ചീരൻസ് യമഹയുടെ ഷോറൂമിലെ മെക്കാനിക്കാണ് സൗരവ്.

അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് മുന്നിൽ പോയിരുന്ന കാറിനെ അശ്രദ്ധമായി മറികടന്നതാണ് ബൈക്ക് യാത്രക്കാരന്റെ ജീവനെടുക്കാൻ ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിലാണ് മൃതദേഹവുമായി എത്തിയ ആംബുലൻസ് റോഡിൽ നിർത്തിയിട്ട്  പ്രതിഷേധിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios