ഭാര്യയും മൂന്നും എട്ടും വയസ്സുള്ള രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അതോടെ ഇല്ലാതായത്. സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിലേക്കുള്ള യാത്രയ്ക്കിടെ മരിച്ച സഹപ്രവർത്തകന്റെ ആഗ്രഹം സഫലമാക്കാനായി സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി
മലപ്പുറം: റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശ്രമിക്കവേ ലോറിയിടിച്ചു മരിച്ച സ്വകാര്യ ബസ് കണ്ടക്ടർ ജംഷീറിന്റെ കുടുംബത്തിനായി സഹപ്രവർത്തകർ സമാഹരിച്ചത് 80 ലക്ഷം രൂപ. ജോലിയ്ക്കിടെ മരിച്ച ആനക്കയം സ്വദേശിയായ അത്തിമണ്ണിൽ ജംഷീറിന്റെ കുടുംബത്തിന് വീട് വെച്ച് നൽകാനാണ് കഴിഞ്ഞ തിങ്കളാഴ്ച ജില്ലയിൽ 336 സ്വകാര്യ ബസുകൾ കാരുണ്യ സർവീസ് നടത്തിയത്. തിരൂർ - അരീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ലീമാട്ടി ബസിലെ കണ്ടക്ടറായിരുന്ന ജംഷീർ റോഡിലെ ഗതാഗതക്കുരുക്ക് മാറ്റാൻ ബസിൽ നിന്നിറങ്ങി വാഹനങ്ങൾ മാറ്റുന്നതിനിടെ ലോറിയിടിച്ചാണ് മരിച്ചത്.
ഭാര്യയും മൂന്നും എട്ടും വയസ്സുള്ള രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അതോടെ ഇല്ലാതായത്. സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിലേക്കുള്ള യാത്രയ്ക്കിടെ മരിച്ച സഹപ്രവർത്തകന്റെ ആഗ്രഹം സഫലമാക്കാനായി സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി. ജംഷീറിന്റെ ഫോട്ടോ പതിച്ച ബാനർ ബസിന്റെ മുൻവശത്ത് പതിച്ചായിരുന്നു യാത്ര. ഈ നന്മയുടെ കഥയറിഞ്ഞ യാത്രക്കാരിൽ പലരും ടിക്കറ്റ് ചാർജിനെക്കാൾ കൂടുതൽ തുക നൽകി ഉദ്യമത്തിൽ പങ്കാളികളായി.
ജംഷീർ ജോലി ചെയ്തിരുന്ന ലീമാട്ടി ബസ് 50,200 രൂപയാണ് സമാഹരിച്ച് നൽകിയത്. മഞ്ചേരി-പരപ്പനങ്ങാടി റൂട്ടിലോടുന്ന മാർസ് ബസ് 1,00,120 രൂപ നൽകി ഏറ്റവും കൂടുതൽ തുക സമാഹരിച്ചു. മഞ്ചേരി നെല്ലിപ്പറമ്പിൽ റോഡിലെ ഗതാഗതക്കുരുക്ക് തീർക്കാൻ ഇറങ്ങിയപ്പോഴാണ് കണ്ടക്ടറായ ജംഷീർ ലോറിയിടിച്ചു മരിച്ചത്. ഗതാഗതക്കുരുക്കിനെ തുടർന്ന് ബസിൽ നിന്ന് ഇറങ്ങിയ ജംഷീർ ബസിന് എതിരെ ലോറി വന്ന സൈഡിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ ഡ്രൈവർ ലോറി മുന്നോട്ട് എടുത്തപ്പോൾ ലോറിക്കും ബസിനുമിടയിലായി ജംഷീർ. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
