കൊല്ലം: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് സിപിഐ അടച്ചുപൂട്ടിയ സി അച്യുതമേനോൻ സഹകരണ ആശുപത്രി വീണ്ടും പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാതെ സ്വകാര്യ ആശുപത്രി വാങ്ങിയ ജിഎസ് ജയലാല്‍ എംഎല്‍എയ്ക്കെതിരെ നടപടി എടുത്തതിന് പിന്നാലെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരിട്ടിടപെട്ട് ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചത്.

15 മാസം മുമ്പാണ് സി അച്യുതമേനോൻ സഹകരണ ആശുപത്രി പൂട്ടിയത്. ഇതിനിടയിലാണ് സഹകരണ സംഘം രൂപീകരിച്ച് ജിഎസ് ജയലാല്‍ എല്‍എല്‍എയുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രി വാങ്ങിയത്. ഇത് വൻ വിവാദങ്ങൾക്കിടയാക്കുകയും എംഎൽഎക്കെതിരെ പാര്‍ട്ടി നടപടി എടുക്കുകയും ചെയ്തു. ഇതിനുശേഷമാണ് സി അച്യുതമേനോൻ സഹകരണ ആശുപത്രി പ്രവര്‍ത്തനം തുടങ്ങണമെന്ന ആവശ്യം ശക്തമായത്.

കാനം രാജേന്ദ്രൻ നേരിട്ടിടപെട്ട് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധ്യക്ഷന്മാരുടേയും ജില്ല കമ്മറ്റി അംഗങ്ങളുടേയും യോഗം വിളിച്ചു. ബാധ്യത തീര്‍ക്കാൻ തീരുമാനമായി. ഇതനുസരിച്ച് ജില്ല സഹകരണ ബാങ്കിലെ 1.97 കോടി രൂപയുടെ ബാധ്യത തീര്‍ത്താണ് ആശുപത്രി പ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്. ആദ്യഘട്ടത്തില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിന് രണ്ട് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് കിടത്തി ചികിത്സ ഉള്‍പ്പെടെ തുടങ്ങാനുള്ള ശ്രമത്തിലാണ് സിപിഐ നേതൃത്വം.