കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തക‌ർ മർദ്ദിച്ചതായി പരാതി. കോഴിക്കോട് ലോ കോളേജിലാണ് സംഭവം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോ കോളേജ് വിദ്യാർത്ഥികൾ സംയുക്തമായി റോഡ് ഉപരോധിച്ചിരുന്നു. ഉപരോധത്തിലേക്ക് എസ്എഫ്ഐയെ ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല. തുടർന്ന് ഉപരോധം കഴിഞ്ഞ് കോളേജിലേക്ക് കയറിയ ത്രിവത്സര എൽഎൽബിയിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായാണ് പരാതി. പരിക്കേറ്റ സൗദ്, സഫുവാൻ, ഹാരി എന്നിവരെ ബീച്ച് ആശുപുത്രിയിൽ പ്രവേശിപ്പിച്ചു.

കോളേജിൽ വെച്ചും പുറത്ത് വാടക വീട്ടിൽ വെച്ചും വിദ്യാർത്ഥികളെ മർദ്ദിച്ചതായാണ് കെഎസ്‍യു പ്രവർത്തകരുടെ പരാതി. പരിക്കേറ്റ വിദ്യാർത്ഥികളെ കെപിസിസി പ്രസി‍ഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനും എംപി എം കെ രാഘവനും സന്ദർശിച്ചു. എന്നാൽ ഒന്നാം വർഷ വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്നമാണിതെന്നും എസ്എഫ്ഐയ്ക്ക് സംഭവത്തിൽ പങ്കില്ലെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറി അതുല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച കണ്ണൂർ ഗവൺമെന്‍റ് വനിതാ കോളേജിൽ വിദ്യാർത്ഥികളെ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് വിദ്യാർത്ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു. വിദ്യാർത്ഥിനികളോട് പുറത്ത് നിന്നെത്തിയ ബിജെപി പ്രവർത്തകർ കോളേജിൻ്റെ പടി ചവിട്ടിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 

Also Read: കണ്ണൂർ വനിതാ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ ബിജെപിക്കാർ ഭീഷണിപ്പെടുത്തിയെന്ന് പരാതി