Asianet News MalayalamAsianet News Malayalam

അവർ സേവന സന്നദ്ധരായി; ഭട്ട് റോഡ് ബീച്ചും പാർക്കും വൃത്തിയാകാന്‍ പിന്നെ അധികം സമയം വേണ്ടിവന്നില്ല

രാവിലെ 7.30 ന് ഭട്ട് റോഡ് പാർക്കിന്‍റെ മുൻഭാഗത്ത് നിന്ന് ആരംഭിച്ച ശുചീകരണം ഉച്ച വരെ തുടർന്നു

calicut beach road cleaning mission
Author
Calicut, First Published Oct 8, 2019, 9:49 PM IST

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്‍റെ ക്ലീന്‍ ബീച്ച് മിഷന്‍റെ ഭാഗമായി ഭട്ട് റോഡ് ബീച്ച് പരിസരവും പാർക്കും ശുചീകരിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും കോഴിക്കോട് കോർപ്പറേഷന്‍റെയും ഡി ടി പി സിയുടെയും നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തികള്‍ വരും ദിവസങ്ങളിലും തുടരും. വിവിധ കോളേജുകളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ഭട്ട് റോഡ് പാർക്ക് കൂട്ടായ്മയിലെ അംഗങ്ങൾ, മലബാർ കൃസ്ത്യൻ കോളേജിലെ എൻ സി സി വിദ്യാർത്ഥികൾ, കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ, ഡി ടി പി സി ശുചീകരണ തൊഴിലാളികൾ എന്നിവർ ശുചീകരണ ദൗത്യത്തിൽ പങ്കുചേർന്നു.

രാവിലെ 7.30 ന് ഭട്ട് റോഡ് പാർക്കിന്‍റെ മുൻഭാഗത്ത് നിന്ന് ആരംഭിച്ച ശുചീകരണം ഉച്ച വരെ തുടർന്നു. കോർപ്പറേഷൻ നികുതി അപ്പീൽകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ആശ ശശാങ്കൻ, ജില്ലാ കലക്ടർ എസ് സാംബശിവ റാവു, ഡി ടി പി സി സെക്രട്ടറി ബീന സി പി, എനർജി മാനേജ്മെൻറ് സെന്‍റര്‍ ജില്ലാ കോർഡിനേറ്റർ ഡോ. എൻ സിജേഷ്, കോർപ്പറേഷൻ ഹെൽത്ത്‌ ഇൻസ്‌പെക്ടർ റിഷാദ് കെ, മലബാർ കൃസ്ത്യൻ കോളേജിലെ ഡോ. ഷീബ, ഭട്ട് റോഡ് കൂട്ടായ്മയുടെ ബഷീർ, എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ഷാഫി എന്നിവർ നേതൃത്വം നൽകി.

പാർക്കിലെ കള വളർന്ന ഭാഗങ്ങൾ പുല്ല് വെട്ടൽ യന്ത്രത്തിന്‍റെ സഹായത്തോടെ വെട്ടി മാറ്റി. 250 ലേറെ വൊളണ്ടിയർമാരാണ് ശുചീകരണത്തില്‍ പങ്കെചേര്‍ന്നത്. ബീച്ചിലെ അജൈവ മാലിന്യങ്ങൾ ശുചീകരണത്തിലൂടെ നീക്കുകയും ചെയ്തു. ചിലയിടങ്ങൾ ലാൻഡ്സ്കേപ്പ് ചെയ്തു. എം എൽ എ അടങ്ങുന്ന ഡി ടി പി സി എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിങ്ങിൽ വിശദമായ പ്രൊജക്റ്റ് പ്ലാൻ ചെയ്യും. കോഴിക്കോട്ടെ ഏറ്റവും മനോഹരമായ ഭട്ട് റോഡ് ബീച്ച് പാർക്ക് മികച്ച കൾച്ചറൽ ഹബ് ആക്കി മാറ്റുകയാണ് ലക്ഷ്യം.

മാലിന്യ മുക്ത ബീച്ച് എന്ന ആശയത്തിലധിഷ്ടിതമായി ലഘുലേഘകൾ വിതരണം ചെയ്തു. നമുടെ ബീച്ചുകൾ മാലിന്യങ്ങൾ തള്ളാനുള്ള ഇടമല്ലെന്ന തിരിച്ചറിവ് നാമോരോരുത്തർക്കും ഉണ്ടാവണമെന്നും സുന്ദരമായ പൊതുവിടങ്ങൾക്കായി ആഴ്ച്ചയിലൊരിക്കൽ പൊതു സ്ഥലങ്ങൾ ശുചീകരിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും പൊതുജനങ്ങളെ ബോധവത്കരിച്ചു. ക്ലീൻ ബീച്ച് മിഷന്‍റെ ഭാഗമായ് വിവിധ സ്പോൺസർമാരുടെ സഹായത്തോടെ ഭട്ട് റോഡ് ബീച്ചിൽ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനായ് ബിന്നുകൾ സ്ഥാപിക്കും.

Follow Us:
Download App:
  • android
  • ios