ശുചിത്വമിഷന്‍, സ്വച്ഛ് ഭാരത് മിഷന്‍ തുടങ്ങിയവയുടെ വിദഗ്ധ ഉപദേശം പാലിച്ചാണ് ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ജില്ലാ പഞ്ചായത്തിന്റെ പരിധിയിലെയും, കോര്‍പ്പറേഷന്‍ പരിധിയിലെയും അറവ് മാലിന്യങ്ങളും മത്സ്യ അവശിഷ്ടങ്ങളും  കടകകളില്‍ നിന്നും ശേഖരിച്ചു ശാസ്ത്രീയമായി സംസ്‌കരിക്കുന്നതാണ് പദ്ധതി

കോഴിക്കോട്: അറവ് മാലിന്യ സംസ്‌കരണത്തിന് പരിഹാരമായി അറവു മാലിന്യ സംസ്‌കരണ ഫാക്ടറി സ്ഥാപിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ഫ്രഷ് കട്ട് എന്ന സ്വകാര്യ സംരഭകരുമായി ചേര്‍ന്ന് രണ്ടര ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ രാജ്യത്തെ സമ്പൂര്‍ണ്ണ അറവുമാലിന്യ മുക്തമാകുന്ന ആദ്യത്തെ ജില്ലയായി കോഴിക്കോട് മാറും. പദ്ധതിയുടെ പരിപൂര്‍ണ്ണ വിജയത്തിനു ഗ്രാമപഞ്ചായത്തുകള്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.

ശുചിത്വമിഷന്‍, സ്വച്ഛ് ഭാരത് മിഷന്‍ തുടങ്ങിയവയുടെ വിദഗ്ധ ഉപദേശം പാലിച്ചാണ് ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ജില്ലാ പഞ്ചായത്തിന്റെ പരിധിയിലെയും, കോര്‍പ്പറേഷന്‍ പരിധിയിലെയും അറവ് മാലിന്യങ്ങളും മത്സ്യ അവശിഷ്ടങ്ങളും കടകകളില്‍ നിന്നും ശേഖരിച്ചു ശാസ്ത്രീയമായി സംസ്‌കരിക്കുന്നതാണ് പദ്ധതി. 

ഫ്രഷ് കട്ട് സ്ഥാപനത്തിന്റെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജില്ലാതല പദ്ധതി നടപ്പിലാക്കാനും കോഴി വേസ്റ്റ് കിലോഗ്രാമിന് ഏഴ് രൂപ നിരക്കില്‍ കടകളില്‍ നിന്നു ശേഖരിച്ച് അനിമല്‍ പ്രോട്ടീന്‍ പൗഡര്‍ ഉത്പാദിപ്പിക്കാനും തിരുമാനമായി. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും അറവുമാലിന്യം ഫ്രഷ് കട്ട് എന്ന സ്ഥാപനത്തിനു മാത്രമേ നല്‍കാവൂ എന്നാണ് നിര്‍ദ്ദേശം. ഫാക്ടറി പണി പൂര്‍ത്തീകരിച്ചു പ്രവര്‍ത്തന സജ്ജമാക്കി. ഫ്രീസര്‍ വാഹനങ്ങളടക്കം 12 കോടിയോളം രൂപ മുതല്‍ മുടക്കി എല്ലാവിധ അത്യാധുനിക സംവിധാനങ്ങളുമായി ശാസ്ത്രീയമായ പ്രവര്‍ത്തനത്തിനാണു സജ്ജമായിട്ടുളളത്. പദ്ധതി മാര്‍ച്ച് 18 ന് താല്‍കാലികമായി പ്രവര്‍ത്തനം ആരംഭിക്കും.