Asianet News MalayalamAsianet News Malayalam

കൊവിഡ് 19: അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായി കോഴിക്കോട് ജില്ല, കെയര്‍ സെന്ററുകള്‍ തുടങ്ങും

ജില്ലയിലെ വിവിധ സ്‌കൂളുകള്‍, കോളേജുകള്‍, സ്വകാര്യ ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, ഗവണ്‍മെന്റ് ട്രെയിനിംഗ് സ്ഥാപനങ്ങള്‍ തുടങ്ങി 31 സ്ഥാപനങ്ങളെയാണ് കെയര്‍ സെന്ററുകളാക്കി മാറ്റുക. 

Calicut to face emergency situation 31 care centers will be opened in the district
Author
Kozhikode, First Published Mar 22, 2020, 6:46 PM IST

കോഴിക്കോട്: കൊവിഡ് 19നുമായി ബന്ധപ്പെട്ട് ജില്ലയില്‍ കൂടുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ട സാഹചര്യത്തില്‍, വിവിധ സ്ഥാപനങ്ങളെ കൊറോണ കെയര്‍ സെന്ററുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ സാംബശിവറാവു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള വിപുലമായ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ജില്ലയിൽ കൂടുതല്‍ സെന്ററുകള്‍ ഒരുക്കുന്നത്. 

ഈ സ്ഥാപനങ്ങളുടെ നിയന്ത്രണം ജില്ലാഭരണകൂടം ഏറ്റെടുക്കും. ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ ഓരോ മുറികളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സെന്ററുകള്‍ നിശ്ചയിച്ചാണ് പ്രവേശനം ക്രമീകരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. 

ജില്ലയിലെ വിവിധ സ്‌കൂളുകള്‍, കോളേജുകള്‍, സ്വകാര്യ ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, ഗവണ്‍മെന്റ് ട്രെയിനിംഗ് സ്ഥാപനങ്ങള്‍ തുടങ്ങി 31 സ്ഥാപനങ്ങളെയാണ് കെയര്‍ സെന്ററുകളാക്കി മാറ്റുക. കോഴിക്കോട് താലൂക്കില്‍ കൊറോണ കെയര്‍ സെന്ററിന്റെ നോഡല്‍ ഓഫീസറായി റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് സബ്കലക്ടര്‍ ജി പ്രിയങ്കയെയും അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി ഡെപ്യൂട്ടി കലക്ടര്‍ സി.ബിജുവിനെയും ചുമതലപ്പെടുത്തി. 

വടകര താലൂക്കില്‍ ഡെപ്യൂട്ടി കലക്ടര്‍ ജനില്‍ കുമാര്‍, കൊയിലാണ്ടി താലൂക്കില്‍ വടകര ആര്‍.ഡി.ഒ ആന്‍ഡ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വി.അബ്ദുറഹ്മാന്‍, താമരശ്ശേരി താലൂക്കില്‍ ഡെപ്യൂട്ടി കലക്ടര്‍ സി.ബിജു എന്നിവര്‍ക്കാണ് ചുമതല. 
 
കെയര്‍ സെന്ററുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നോഡല്‍ ഓഫീസര്‍ ഉള്‍പ്പെടുന്ന 20 അംഗ മാനേജ്‌മെന്റ് കമ്മിറ്റി കെയര്‍ സെന്ററുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി രൂപീകരിക്കും. കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ നടത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഏകോപനവും നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പു വരുത്തും. 

മാനേജ്‌മെന്റ് കമ്മിറ്റി: മേയര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി മേയര്‍ അല്ലെങ്കില്‍ സ്റ്റാന്‍ഡിം​ഗ് കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, വാര്‍ഡ് കൗണ്‍സിലര്‍ അല്ലെങ്കില്‍ ഗ്രാമപഞ്ചായത്തംഗം, തഹസില്‍ദാര്‍ അല്ലെങ്കില്‍ തഹസില്‍ദാര്‍ (എല്‍.ആര്‍) അല്ലെങ്കില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി അല്ലെങ്കില്‍ അസിസ്റ്റന്റ് സെക്രട്ടറി അല്ലെങ്കില്‍ ജൂനിയര്‍ സൂപ്രണ്ട്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഹെല്‍ത്ത് ഓഫീസര്‍ അല്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍, കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍, പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, പിഡബ്ല്യുഡി ബില്‍ഡിംഗ് അസിസ്റ്റന്റ് എഞ്ചിനീയര്‍, സാമൂഹ്യനീതി ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, വില്ലേജ് ഓഫീസര്‍, സ്ഥാപനമേധാവി, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധി എന്നിവരടങ്ങുന്നതാണ് മാനേജ്‌മെന്റ് കമ്മിറ്റി.

Follow Us:
Download App:
  • android
  • ios