തേഞ്ഞിപ്പലം: കനത്ത ചൂടും വരൾച്ചയും കാരണം ഹോസ്റ്റലുകൾ അടച്ചിട്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലോ പരീക്ഷകൾ മാറ്റാൻ തയ്യാറാവുന്നില്ലെന്ന് പരാതി. വെക്കേഷൻ സമയത്ത് നടത്താൻ തീരുമാനിച്ച പരീക്ഷകൾ മാറ്റണമെന്ന് നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ, അക്കാദമിക് കലണ്ടർ പാലിക്കേണ്ടതിനാൽ പരീക്ഷ മാറ്റാനാവില്ലെന്നാണ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം.

കഴിഞ്ഞ ഫെബ്രുവരിയിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എൽഎൽബി പരീക്ഷ യൂണിവേഴ്സിറ്റി കലോൽസവത്തിന്‍റെ പേര് പറഞ്ഞാണ് ഏപ്രിൽ ഒന്നിലേക്ക് മാറ്റിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു. കോഴിക്കോട് ഗവണ്‍മെന്‍റ്  ലോ കോളജ് അടക്കം ഒമ്പത് ലോ കോളജുകളാണ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ളത്. ആകെ പരീക്ഷയെഴുതുന്ന 900 കുട്ടികളിൽ 100 പേരും കോഴിക്കോട് ലോ കോളജിൽ നിന്നുള്ളവർ. എന്നാൽ, ചൂട് കനത്തതോടെ വെള്ളമില്ലാതാവുകയും ഹോസ്റ്റൽ അടക്കുകയും ചെയ്തു.

കനത്ത ചൂട് പരിഗണിച്ച് പരീക്ഷ മാറ്റി വെക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പി മോഹൻദാസ് ഉത്തരവിട്ടെങ്കിലും യൂണിവേഴ്സിറ്റി അധികൃതർ പരീക്ഷ മാറ്റാൻ തയ്യാറല്ല. അക്കാദമിക് കലണ്ടർ അനുസരിച്ച് ജനുവരിയിൽ പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് എൽഎൽഎം വിദ്യാർത്ഥികൾ നേരത്തെ അപേക്ഷ നൽകിയിരുന്നു. 

എന്നാൽ, പ്രസ്തുത പരീക്ഷയും നടക്കുന്നത് കനത്ത ചൂടിനിടയിലാണ്. അതേ സമയം അക്കാദമിക് കലണ്ടർ പാലിക്കാതിരിക്കാൻ കഴിയില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും വൈസ് ചാൻസലർ ഡോക്ടർ മുഹമ്മദ് ബഷീർ പറഞ്ഞു. ഹൈക്കോടതിയിൽ റിട്ട് നൽകാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.