Asianet News MalayalamAsianet News Malayalam

അപൂർവ രോഗത്തിനിടെ അര്‍ബുദവും; രോഗാവസ്ഥയ്ക്കെതിരെ മനോധൈര്യത്തോടെ പോരാടിയ പ്രഭുലാൽ പ്രസന്നൻ ഇനി ഓര്‍മ്മ

മുഖത്തിന്‍റെ മുക്കാല്‍ ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്ത മറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ സ്വന്തം ഇച്ഛാശക്തിയാല്‍ മറികടന്ന് സമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് പ്രഭുലാല്‍. 

Cancer during rare diseases Prabhulal Prasannan dead
Author
First Published Oct 5, 2022, 12:23 PM IST


ഹരിപ്പാട്: അപൂർവ രോഗത്തിനെതിരെ മനോധൈര്യത്തോടെ പോരാടി ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നൻ (25) ഇനി ഓര്‍മ്മ. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കേതിൽ പ്രസന്നൻ-ബിന്ദു ദമ്പതികളുടെ മകനാണ് പ്രഭുലാൽ. മുഖത്തിന്‍റെ മുക്കാല്‍ ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്ത മറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ സ്വന്തം ഇച്ഛാശക്തിയാല്‍ മറികടന്ന് സമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് പ്രഭുലാല്‍. അർബുദം ബാധിച്ച് ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം. 

ഹരിപ്പാട് നഗരസഭയിലെ ജീവനക്കാരനായിരുന്നു പ്രഭുലാല്‍. സമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച കാര്യവും പ്രഭുലാൽ സമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പാട്ടുകാരനും ചിത്രകാരനും ഒപ്പം നല്ലൊരു പ്രഭാഷകനും കൂടിയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനഃശക്തി ഒന്ന് കൊണ്ട് മാത്രമാണ് തന്‍റെ ശരീരാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിയെ പ്രഭുലാൽ മറികടന്നത്. 

ശരീരത്തെ മൂടിക്കൊണ്ടിരിക്കുന്ന മറുക്, വേദന പടർത്തുമ്പോഴും പ്രഭുലാൽ ശുഭാപ്തി വിശ്വാസം കൈവിട്ടില്ല. ഇതിനിടെ വലത് തോളിലുണ്ടായ മുഴ അർബുദമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സ തേടുന്നതിനിടെയാണ് മരണം. ഇദ്ദേഹം നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് പ്രഭുലാലിന്‍റെ വലത് തോൾഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാൽ, അദ്ദേഹത്തെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. 

തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ 'മാലിഗ്നന്‍റ് മെലോമ' എന്ന അപകടകാരിയായ തൊലിപ്പുറ അര്‍ബുദമാണിതെന്ന് തിരിച്ചറിഞ്ഞത്. രോഗാവസ്ഥ വലത് കൈയിലേക്കുള്ള ഞരമ്പുകളെ സാരമായി ബാധിച്ചതിനാൽ കൈകൾക്ക് ചലനശേഷി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സുഹൃത്തുക്കളുടെ സഹായത്താൽ കോഴിക്കോട് എം.വി.ആർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 

തുടർച്ചയായി ആറ് മാസം ചികിത്സ നടത്തുവാൻ എല്ലാ ചെലവുകളും കൂടി ഏകദേശം 35 ലക്ഷം രൂപയാണ് വേണ്ടിയിരുന്നത്. കൂലിപ്പണിക്കാരനായ പിതാവിന്‍റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന് ഉണ്ടായിരുന്നത്. പ്രഭുലാലിന്‍റെ രോഗാവസ്ഥ അറിഞ്ഞതോടെ നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ചികിത്സക്ക് ലഭിച്ചത്. ചെലവേറിയ ഇമ്മ്യുണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ട് പോകുന്നതിനിടെയാണ് പ്രഭുലാലിനെ മരണം കവർന്നത്.

Follow Us:
Download App:
  • android
  • ios