അഞ്ചല്‍: കൊല്ലം അഞ്ചലില്‍ അര്‍ബുദ രോഗിയായ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ഹോം ഗാര്‍ഡ് കൈ കാണിച്ചപ്പോൾ വാഹനം നിര്‍ത്തിയില്ലെന്നാരോപിച്ചായിരുന്നു മർദനം. അതേസമയം മര്‍ദിച്ചിട്ടില്ലെന്നും മദ്യപിച്ച് വാഹനമോടിച്ചതിനാണ് കസ്റ്റഡിയിലെടുത്തെന്നും പൊലീസ് പറയുന്നു.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. അഞ്ചൽ ഠൗണില്‍ രാജേഷ് ഓട്ടോയിൽ പോകുമ്പോൾ ഹോംഗാര്‍ഡ് കൈകാണിച്ചു. എന്നാൽ ഇത് കാണാതെ വാഹനം മുന്നോട്ടെടുത്തില്‍ പ്രകോപിതനായ ഹോം ഗാര്‍ഡ് ഓടിവന്ന് ഓട്ടോയില്‍ കയറുകയും അതേ വാഹനത്തില്‍ തന്നെ രാജേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ എത്തിയ ഉടൻ കൈകകള്‍ രണ്ടും പിറകിലേക്കായി വിലങ്ങു വച്ചു. അതിനുശേഷം ക്രൂരമായി തല്ലിയെന്നാണ്പരാതി. രാജേഷിന്‍റെ തോളെല്ലിന് പരുക്കുണ്ട്. ദേഹമാസകലം ചതവുമുണ്ട്. പരിക്കേറ്റ രാജേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികില്‍സ തേടി.

അതേസമയം രാജേഷിനെ മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മദ്യപിച്ചുവെന്ന് തെളിയിക്കാൻ ആള്‍ക്കോ മീറ്റര്‍ പരിശോധന നടത്തിയിട്ടുണ്ട്. സ്റ്റേഷനിലെത്തിച്ച രാജേഷ് തല ചുമരിൽ ഇടിക്കുകയും സ്വയം ഉപദ്രവിക്കുകയും ചെയ്തുവെന്നും ഇതൊഴിവാക്കാനാണ് വിലങ്ങ് വച്ചതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. ഹോം ഗാര്‍ഡിന്‍റേയും കണ്ടാലറിയാവുന്ന പൊലീസുകാരുടെ വിവരങ്ങൾ ഉള്‍പ്പെടുത്തി രാജേഷ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്