അടിയന്തിര ശസ്‌ത്രക്രിയ ചെയ്യാന്‍ ചൊവ്വാഴ്‌ച അഡ്‌മിറ്റാകാനാണ്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. എന്നാല്‍ ശസ്‌ത്രക്രിയ നടത്താന്‍ അമ്പതിനായിരത്തിലധികം രൂപ കണ്ടെത്താന്‍ മാര്‍ഗമില്ലാതെ വന്നതോടെ ചികിത്സ മുടങ്ങുമെന്ന ആശങ്കയിലാണ്‌ കുടുംബം.

അമ്പലപ്പുഴ: ആലപ്പുഴയില്‍ വന്‍കുടലില്‍ അര്‍ബുദരോഗം ബാധിച്ച ഗൃഹനാഥന്‌ പണമില്ലാത്തതിനാല്‍ അടിയന്തിര ശസ്‌ത്രക്രിയ മുടങ്ങുന്നു. നിരാലംബരായി കുടുംബം. പുന്നപ്ര വടക്ക്‌ പഞ്ചായത്ത്‌ 12 ആം വാര്‍ഡ്‌ പറവൂര്‍ പടിഞ്ഞാറ്‌ രണ്ടുതയ്യില്‍വെളി കുഞ്ഞുമോന്‍(54) ആണ്‌ നിസ്സഹായാവസ്‌ഥയില്‍ കഴിയുന്നത്‌. ബാര്‍ബര്‍ തൊഴിലാളിയായ കുഞ്ഞുമോന്‌ അഞ്ചുമാസം മുന്‍പ്‌ കൈകാലുകള്‍ തുടര്‍ച്ചയായി മരവിക്കുകയും മലമൂത്ര വിസര്‍ജനം ചെയ്യുമ്പോള്‍ രക്‌തം പോകുകയും ചെയ്യുമായിരുന്നു. 

തുടര്‍ന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ്‌ വന്‍കുടലില്‍ മുഴകള്‍ കണ്ടെത്തിയത്‌. ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗമില്ലാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ റഫര്‍ ചെയ്‌തു. അടിയന്തിര ശസ്‌ത്രക്രിയ ചെയ്യാന്‍ ചൊവ്വാഴ്‌ച അഡ്‌മിറ്റാകാനാണ്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. എന്നാല്‍ ശസ്‌ത്രക്രിയ നടത്താന്‍ അമ്പതിനായിരത്തിലധികം രൂപ കണ്ടെത്താന്‍ മാര്‍ഗമില്ലാതെ വന്നതോടെ ചികിത്സ മുടങ്ങുമെന്ന ആശങ്കയിലാണ്‌ കുടുംബം. 

കുഞ്ഞുമോന്റെ വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ആശ്രയം. കുഞ്ഞുമോന്‌ ജോലിക്കു പോകാന്‍ കഴിയാതെ വന്നതോടെ കുടുംബം ദുരിതത്തിലായി. നേരത്തെ ഭാര്യയും മാതാവും ഹോട്ടല്‍ ജോലിക്ക്‌ പോയിരുന്നു. കുഞ്ഞുമോന്‌ രോഗം ബാധിച്ചതോടെ ഇവര്‍ക്കും ജോലിക്ക്‌ പോകാന്‍ കഴിയാതെ വന്നിരിക്കുകയാണ്‌. പ്ലസ്‌ വണ്ണിനു പഠിക്കുന്ന മകള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളുടെ ജീവിതം നടുക്കയത്തിലാണ്‌. ഈ കുടുംബത്തെ സഹായിക്കാന്‍ സന്‍മനസുള്ളവര്‍ക്ക്‌ ഭാര്യ ഉഷയുടെ പേരില്‍ കാനറാ ബാങ്ക്‌ പുന്നപ്ര ശാഖയിലാരംഭിച്ച അക്കൌണ്ടിലേക്ക് സഹായം നല്‍കാം.

Canara Bank
AC Holder : Usha
AC: 6019101001923
IFC Code: CNRB 0006019 
Phone: 9562266012