ഇടുക്കി അടിമാലി വിവേകാനന്ദ നഗറിലായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന 16000 രൂപ കവർന്നു. 

ഇടുക്കി: ഇടുക്കിയിൽ ക്യാൻസർ രോഗബാധിതയെ കെട്ടിയിട്ട് കവർച്ച നടത്തിയതായി പരാതി. ഇടുക്കി അടിമാലി വിവേകാനന്ദ നഗറിലാണ് സംഭവം നടന്നത്. അടിമാലി വിവേകാനന്ദ നഗർ സ്വദേശി കളരിക്കൽ ഉഷ സന്തോഷിനെയാണ് കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി പണം അപഹരിച്ചത്. വീട്ടിലുണ്ടായിരുന്ന 16000 രൂപ കവർന്നു. കീമോ തെറാപ്പിക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഇവർ.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഉഷയും ഭര്‍ത്താവും മകളും മാത്രമാണ് വീട്ടിലുള്ളത്. ക്യാൻസർ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. കട്ടിലിൽ കെട്ടിയിട്ട ശേഷം ഇവരുടെ വായിൽ തുണി തിരുകിയാണ് പേഴ്സിലുണ്ടായിരുന്ന 16500 രൂപ കവർന്നത്. അയൽവാസികൾ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടിമാലി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വർഷങ്ങളായി ചികിത്സ തുടരുന്ന ഉഷ, സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നയാളാണ്. അടിമാലിയിലെ സുമനസ്സുകൾ ചേർന്നാണ് ഇവരുടെ ചികിത്സയ്ക്കാവശ്യമായ പണം പിരിച്ചുനൽകിയത്. ഈ തുകയുൾപ്പെടെയാണ് മോഷ്ടാവ് കവർന്നത്.

നേരത്തെയും മോഷ്ടാക്കളുടെ ശല്യമുളള മേഖലയാണ് വിവേകാനന്ദ നഗ‍ർ. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുന്നതായി അടിമാലി പൊലീസ് അറിയിച്ചു. ഉഷയുടെ ഭർത്താവും മകളും വീട്ടിൽ നിന്ന് പോയതിന് ശേഷമായിരുന്നു മോഷണം. വീട്ടുകാരുടെ നീക്കങ്ങൾ അടുത്തറിയാവുന്ന ആൾ ആവും മോഷണത്തിന് പുറകിലെന്നാണ് പൊലീസ് സംശയിക്കുന്നത്.