കോഴിക്കോട്: പിഎസ്‍സി നിയമനത്തിലെ മെല്ലപ്പോക്കിനെതിരെ കളിവണ്ടി ഉരുട്ടി ഉദ്യോ​ഗാർഥികളുടെ പ്രതിഷേധം. കോഴിക്കോട് ജില്ലയിലെ എൽഡിവി ഡ്രൈവർ ഗ്രേഡ് 2 തസ്തികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളാണ് കളിവണ്ടികളുമായി കളക്ട്രേറ്റിൽ എത്തി പ്രതിഷേധ പ്രകടനം നടത്തിയത്.

ഒന്നര വർഷം മുമ്പാണ് പിഎസ്‍സി എൽഡിവി ഡ്രൈവർ ഗ്രേഡ് 2 പട്ടിക പ്രസിദ്ധീകരിച്ചത്. 483 പേരുടെ പട്ടികയിൽ നിന്നും 33 നിയമനം മാത്രമാണ് ഇതുവരെ നടന്നത് . താത്കാലിക ഡ്രൈവർമാർ ജോലി ചെയ്യുന്നതാണ് നിയമനം വൈകാൻ കാരണമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

പി‍എസ്‍സി നിയമനത്തിന് കളി വണ്ടിയുടെ വേഗം പോലുമില്ല. ഇനി ഒരു പരീക്ഷ എഴുതാൻ പ്രായം തടസ്സമാകും. ഇങ്ങനെ പോയാൽ ജീവിതം കട്ടപ്പുറത്താകും. താത്കാലിക നിയമനം പിരിച്ച് വിട്ട് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഉടൻ ജോലി നൽകണമെന്നാണ് ആവശ്യമെന്നും ഉദ്യോഗാർത്ഥികൾ കൂട്ടിച്ചേർത്തു.