ആന്ധ്രയില്‍ നിന്ന് 182 കിലോ കഞ്ചാവ്, ഒരു കിലോ ഹാഷിഷ് ഓയില്‍ എന്നിവ ബൊലേറോ പിക്കപ്പിലും ഹോണ്ട സിറ്റി കാറിലുമായാണ് ഇവർ കടത്തിക്കൊണ്ടു വന്നത്

മലപ്പുറം: നിലമ്പൂരിനടുത്ത് കുറ്റമ്പാറയില്‍ വച്ച് വന്‍തോതില്‍ കഞ്ചാവും (Cannabis) ഹാഷിഷ് ഓയിലും (Hashish Oil) പിടിച്ചെടുത്ത കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി നിലമ്പൂര്‍ പോത്ത് കല്ല് സ്വദേശി റഫീഖ് ( 32), ഏഴാം പ്രതി നിലമ്പൂര്‍ കൂറ്റമ്പാറ സ്വദേശി വിഷ്ണു (27) എന്നിവരെ കോഴിക്കോട് എക്‌സൈസ് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍.ബൈജുവും സംഘവും അറസ്റ്റ് (Arrest) ചെയ്തു.

ആന്ധ്രയില്‍ നിന്ന് 182 കിലോ കഞ്ചാവ്, ഒരു കിലോ ഹാഷിഷ് ഓയില്‍ എന്നിവ ബൊലേറോ പിക്കപ്പിലും ഹോണ്ട സിറ്റി കാറിലുമായി കടത്തിക്കൊണ്ടു വന്നതായിരുന്നു. മുഖ്യപ്രതി സല്‍മാന്‍ ഇപ്പോഴും ഒളിവിലാണ്. ഈ കേസില്‍ 10 പേരെ ഇതു വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റഫീഖ് 72 കിലോ കഞ്ചാവുമായി ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണം പൊലീസ് പിടികൂടിയ കേസിലെ പ്രതിയാണ്. 8 മാസം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു ഇയാൾ. 

വിഷ്ണുവിന്റെ പേരില്‍ നിലമ്പൂര്‍ എക്‌സൈസ് റേഞ്ചിലെ മറ്റൊരു കഞ്ചാവ് കേസില്‍ മഞ്ചേരി കോടതി വാറന്റ് പുറപ്പെടുവിച്ചതാണ്. 6 മാസമായി ചെന്നൈ, ഹൈദരബാദ് , മുബൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഈ സമയങ്ങളിലും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നു. പ്രതികളെ മഞ്ചേരി എന്‍ ഡി പി എസ് പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി സുഗന്ധ കുമാര്‍, കെ സുധീര്‍, പി സജീവ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിബിന്‍ കുമാര്‍ ഡ്രൈവര്‍ രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.