കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയ തൊടുപുഴ റേഞ്ചിലെ 44 ഷാപ്പുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷ്ണര്‍ സസ്പെൻഡ് ചെയ്തിരുന്നു.

ഇടുക്കി: തൊടുപുഴയിൽ കള്ളിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അട്ടിമറിയുണ്ടെന്നാരോപണവുമായി ഷാപ്പുടമകളും ചെത്തുതൊഴിലാളി യൂണിയനും. ഷാപ്പ് ലൈസൻസ് കിട്ടാത്ത ചിലരും എക്സൈസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണിതെന്നാണ് ആരോപണം.

കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയ തൊടുപുഴ റേഞ്ചിലെ 44 ഷാപ്പുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷ്ണര്‍ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ക്രിസ്മസിന് മുന്നോടിയായി പരിശോധിച്ച കള്ളിലാണ് കഞ്ചാവിന്റെ സാന്നിധ്യം കണ്ടത്.ലൈസൻസികൾക്കും മാനേജര്‍മാര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാൽ നടപടി ഗൂഢാലോചനയുടെ ഭാഗമെന്നാണ് ഷാപ്പുടമകളും ചെത്ത് തൊഴിലാളി യൂണിയനും പറയുന്നത്

ഷാപ്പുകൾ പൂട്ടിയതോടെ നൂറ്റന്പതിലധികം തൊഴിലാളികളും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലാണ്. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് അവരെ അണിനിരത്തി അടുത്തദിവസം മുതൽ എക്സൈസ് ഓഫീസിന് മുന്നിൽ സമരം തുടങ്ങുമെന്നും ചെത്ത് തൊഴിലാളി യൂണിയനുകൾ പറഞ്ഞു.