ദിവസങ്ങളായി ഷാഡോ നിരീക്ഷണം, ഒടുവിൽ രാത്രികാല പരിശോധനക്കിടെ യുവാവിനെ പൂട്ടി സ്പെഷ്യൽ സ്ക്വാഡ്; കഞ്ചാവും പിടിയിൽ
രാത്രികാല പരിശോധനയിലൂടെ ഒട്ടനവധിയായ ലഹരി മരുന്ന് കച്ചവടക്കാരാണ് എക്സൈസിന്റെ പിടിയിലാകുന്നത്

മണ്ണഞ്ചേരി: മാരാരിക്കുളം കളിത്തട്ട് ജംഗ്ഷന് സമീപം 3.1 കിലോ ഗഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. ആലപ്പുഴ ആലിശ്ശേരി വാർഡിൽ ചിറയിൽ വീട്ടിൽ ഹമീദ് മകൻ സക്കീർ ഹുസൈൻ (26) ആണ് ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കേരളത്തിൽ എത്തിച്ച് മൊത്തമായും ചില്ലറയായും ഇയാൾ വില്പന നടത്തിയിരുന്നു.
ദിവസങ്ങളായി എക്സൈസ് സ്ക്വാഡ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇതിനൊടുവിലാണ് രാത്രികാല പരിശോധനക്കിടെ ഇയാഘ പിടിയിലായത്. രാത്രികാല പരിശോധനയിലൂടെ ഒട്ടനവധിയായ ലഹരി മരുന്ന് കച്ചവടക്കാരാണ് എക്സൈസിന്റെ പിടിയിലാകുന്നത്. എക്സൈസിന്റെ രാത്രികാല പരിശോധനാ സംഘത്തിൽ എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ജി ഗോപകുമാർ, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് കെ പി സജിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം റെനി, എസ് ആർ റഹീം, എസ് ദിലീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എസ് സൗമിലാ മോൾ, ഡ്രൈവർ പ്രദീപ് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് കണ്ടെത്തിയത് രണ്ടു ലക്ഷം രൂപ വില വരുന്ന കഞ്ചാവും മയക്കുമരുന്നും ആണെന്നതാണ്. ചാലിശ്ശേരി , കുന്നംകുളം പൊലീസ് സംയുക്തമായി നടത്തിയ റെയ്ഡിലാണ് 2 പ്രതികളേയും എം ഡി എം എ യും കഞ്ചാവുമായി പിടികൂടിയത്. ലിഷോയ്, ഹമ്മദ് ഷെറിൻ എന്നിവരെയാണ് മാരക മയക്കുമരുന്നും കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ് സ്വദേശിയെ വീട് കയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായ ലിഷോയ്. ലിഷോയ്ക്കെതിരെ ഒരാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതുൾപ്പടെ മൂന്ന് കേസുകൾ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ലിഷോയ് ചാലിശ്ശേരി ആലിക്കരയിൽ മുഹമ്മദ് ഷെറിന്‍റെ വീട്ടിൽ ഒളിച്ച് താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ഇതോടെ കുന്നംകുളം പോലീസും ചാലിശ്ശേരി പോലീസും സംയുക്തമായി ഇവർ ഒളിവിൽ താമസിച്ചിരുന്ന വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് രണ്ടു ലക്ഷം രൂപ വില വരുന്ന കഞ്ചാവും മയക്കുമരുന്നും പിടികൂടിയത്.