പെരിന്തൽമണ്ണ: 1.2 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി 46കാരനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂർ കുറുപ്പത്താൽ കോട്ടപ്പറമ്പിൽ ഇബ്രാഹിം എന്ന ആളെയാണ് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ടൗൺഹാളിന് അടുത്തുള്ള കെട്ടിടത്തിനു മുമ്പിൽ വച്ച് പെരിന്തൽമണ്ണ സി ഐ മേലേയിൽ ശശീന്ദ്രനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. 

കഞ്ചാവ് അടങ്ങിയ ഷോൾഡർ ബാഗുമായി ഒരാൾ ടൗൺഹാളിന് അടുത്ത ബൈക്കിൽ ഇരിക്കുന്നതായുള്ള രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. കമ്പം തേനിയിലുള്ള ഒരു തമിഴ്‌നാട് സ്വദേശിയാണ് ഇയാൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ലോക്ക് ഡൗണിൽ ഇളവ് വന്നതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ രണ്ട് ആളുകൾക്ക് വിൽപ്പന നടത്താനാണ് പ്രതി പെരിന്തൽമണ്ണയിൽ എത്തിയത്. 

കിലോഗ്രാമിന് അമ്പതിനായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് വിൽപ്പപനക്കാർക്ക് ഒരു ലക്ഷം രൂപക്കാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലും കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിലും ഓരോന്നുവീതം കഞ്ചാവ് കേസുകളും അളവിൽ കൂടുതൽ വിദേശ മദ്യം കടത്തിയതിന് പാലക്കാട് നോർത്ത് സ്റ്റേഷനുകളിൽ രണ്ട് കേസുകളും നിലവിലുണ്ട്.