ഇടുക്കി: ഞായറാഴ്ച രാവിലെ നാർകോട്ടിക് എൻഫോഴ്സ്മെന്റ് സംഘം നടത്തിയ റെയ്ഡിൽ രണ്ടേമുക്കാൽ കിലോ ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു. രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. ദേവികുളം താലൂക്കിൽ മന്നാങ്കണ്ടം വില്ലേജിൽ ഇരുമ്പുപാലം കരയിൽ കലൂർ തെക്കേതിൽ ഷിഹാബ് ഇല്യാസ് (38), ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ വില്ലേജിൽ ഓടയ്ക്കാ സിറ്റി കരയിൽ കാരയ്ക്കാട്ട് മനു മണി(26) എന്നിവരുടെ പേരിലാണ് കേസെടുത്തത്.

ഇരുമ്പുപാലം ഭാഗത്തുവച്ച് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഒരു കിലോ 600 ഗ്രാം കഞ്ചാവുമായി കാറിൽ നിന്ന് ഷിഹാബിനെ പിടികൂടിയത്. മനു മണി വാഹന പരിശോധനക്കിടയിൽ ഓടി രക്ഷപ്പെട്ടു. തുടർന്ന് മനു മണി താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു കിലോ 150 ഗ്രാം ഉണക്ക കഞ്ചാവും കണ്ടെടുത്തു.

ഇവർ രണ്ടു പേരും അടിമാലി - ഇരുമ്പുപാലം മേഖലയിൽ നാളുകളായി കഞ്ചാവ് മൊത്തവ്യാപാരികളാണ്. ഷിഹാബിൽ നിന്നും കിട്ടിയ മൊഴിയിൽ കഞ്ചാവ് തമിഴ്നാട് ഭാഗത്തു നിന്നും മനുവിന്റെ കാറിൽ കടത്തിക്കൊണ്ടു വന്നതാണെന്ന് പറയുന്നു. രണ്ടുപേരും മുൻപ് ക്രിമിനൽ കേസിൽ പ്രതികളാണ്. ഒരു മാസത്തോളമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എംകെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെവി സുകു, കെഎസ് അസീസ് സിവിൽ എക്സൈസ് ഓഫീസർമാരായ എസി നെബു, സാൻറി തോമസ്, കെഎസ് മീരാൻ, രഞ്ജിത്ത് കവിദാസ്, ശരത് എസ്പി എന്നിവരും പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.