സംസ്ഥാന വ്യാപകമായി നടത്തിവരുന്ന യോദ്ധാവ് എന്ന കർമ്മ പദ്ധതിയുടെ ഭാഗമായി ഒരാഴ്ച കാലമായി കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ ലഹരി വിരുദ്ധ സെമിനാറുകളും ലഹരി വിരുദ്ധ പരിശോധനകളും നടന്നു വരികയായിരുന്നു

തിരുവനന്തപുരം: സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ പ്രതിയെ കിളിമാനൂർ പൊലീസ് പിടികൂടി. കിളിമാനൂർ കാനാറ ചരുവിള പുത്തൻ വീട്ടിൽ അൻഷാദി(26)നെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 19.49 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കേരള പൊലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന യോദ്ധാവ് എന്ന കർമ്മ പദ്ധതിയുടെ ഭാഗമായി ഒരാഴ്ച കാലമായി കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ ലഹരി വിരുദ്ധ സെമിനാറുകളും ലഹരി വിരുദ്ധ പരിശോധനകളും നടന്നു വരികയായിരുന്നു.

അതിനിടയിയിലാണ് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി ജി വിനുവിൻറെ നിർദ്ദേശപ്രകാരം കിളിമാനൂർ ഐ എസ് എച്ച് ഒ സനോജിന്റെ നേതൃത്വത്തിൽ എസ് ഐ വിജിത് കെ നായർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ അംഗങ്ങൾ ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് കിളിമാനൂർ പൊലീസ് അറിയിച്ചു. 

Read More : യുവതിയുള്‍പ്പെട്ട കഞ്ചാവ് വില്‍പ്പന സംഘത്തെ തടഞ്ഞ് നാട്ടുകാര്‍, പൊലീസില്‍ ഏല്‍പ്പിച്ചു

അതേസമയം സെപ്റ്റംബര്‍ 23 ന് വയനാട് കൽപ്പറ്റയിൽ എം.ഡി.എം.എയും, കഞ്ചാവുമായി രണ്ട് യുവാക്കള്‍ പൊലീസിന്‍റെ പിടിയില്‍. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കല്‍പറ്റ പോലീസും സംയുക്തമായി കൽപ്പറ്റ ജംഗ്ഷനില്‍ വെച്ചു നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്.

പ്രതികൾ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറില്‍ നിന്നും 12 ഗ്രാം എം.ഡി.എം.എയും, 23 ഗ്രാം കഞ്ചാവും കണ്ടെത്തി. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.