ഫാൻ, വാഷിംഗ് മെഷീൻ എന്നിവ മാർക്കറ്റ് ചെയ്യുന്ന വഴിച്ചേരിയിലെ വിഹാ മാർക്കറ്റിഗ് എന്ന കമ്പനിയുടെ വാഹനത്തിനാണ് തീ പിടിച്ചത്. 

ആലപ്പുഴ: ആലപ്പുഴ ബൈപാസില്‍ ഫ്ലൈ ഓവറിന്‍റെ മധ്യഭാഗത്ത് വെച്ച് കാറിന് തീപീടിച്ച് വാഹനമോടിച്ചിരുന്ന യുവാവിന് പൊള്ളലേറ്റു. മാരുതി ഒമ്നി വാനിനാണ് പെട്ടെന്ന് തീ പിടിച്ചത്. ഫാൻ, വാഷിംഗ് മെഷീൻ എന്നിവ മാർക്കറ്റ് ചെയ്യുന്ന വഴിച്ചേരിയിലെ വിഹാ മാർക്കറ്റിഗ് എന്ന കമ്പനിയുടെ വാഹനത്തിനാണ് തീ പിടിച്ചത്. വാഹനമൊടിച്ചിരുന്ന കമ്പനി ജീവനക്കാരനായ ആലപ്പുഴ ഇരവ്കാട് ജിഷ്ണുവിനാണ് പൊള്ളലേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് ഉച്ചയ്ക്ക് 12.45 നാണ് അപകടം ഉണ്ടായത്. ഒമ്നിവാൻ ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയ്ക്ക് പോകുകയായിരുന്നു. ബൈപ്പാസ് ഫ്ലൈ ഓവറിന്‍റെ മധ്യഭാഗത്തെത്തിയപ്പോൾ വാഹനത്തിന്‍റെ ബാറ്ററി വെച്ചിരുന്ന പിൻഭാഗത്ത് നിന്നും ചൂട് വരുന്നതായി തോന്നിയ ജിഷ്ണു വാഹനം നിർത്തി പരിശോധിച്ചപ്പോൾ വാഹനത്തില്‍ നിന്നും തീ ആളിപ്പടരുകയായിരുന്നു.

ഉടൻ തന്നെ ആലപ്പുഴ ഫയർ സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. വാഹനം പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തില്‍ വിഷ്ണുവിന്‍റെ കൈയ്ക്ക് ചെറിയ പൊള്ളലേറ്റു. വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിനാൽ പെട്രോൾ ടാങ്കിലേയ്ക്ക് തീ പടർന്ന് വലിയ അപകടം ഉണ്ടാകാതെ തടയാൻ കഴിഞ്ഞു. ആലപ്പുഴ സ്റ്റേഷൻ ഓഫീസർ ഡി ബൈജു, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ. ഗിരീഷ്, സീനിയർ ഫയർ & റെസ്ക്യു ഓഫീസർ എസ് കെ സലിം കുമാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർ ആന്റ് റെസ്ക്യു ടീമാണ് രക്ഷാപ്രവർത്തനം നടത്തിയത്.