കോഴിക്കോട് തിക്കോടിയിൽ സ്കൂൾ ബസ് ഡ്രൈവറെയും സഹായിയായ ഭാര്യയെയും കാറിലെത്തിയ സംഘം മർദ്ദിച്ചതായി പരാതി. ദേശീയ പാതയിൽ ഹോൺ മുഴക്കിയിട്ടും വഴി നൽകാത്തതിനെ തുടർന്ന് ബസ് കാറിനെ മറികടന്നതാണ് പ്രകോപനത്തിന് കാരണമെന്ന് ഡ്രൈവർ വിജയൻ പറഞ്ഞു. 

കോഴിക്കോട്: തിക്കോടിയില്‍ സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും സഹായിയായ ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതി. പുറക്കാട് സ്വദേശി വിജയന്‍, ഇയാളുടെ ഭാര്യയും സ്‌കൂള്‍ ബസ്സിലെ ക്ലീനറുമായ ഉഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിലെത്തിയ രണ്ട് പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു.

ഇന്നലെ രാവിലെ എട്ട് മണിയോടെ ദേശീയ പാതയില്‍ തിക്കോടി പഞ്ചായത്ത് ബസാറിലാണ് സംഭവമുണ്ടായത്. സ്‌കൂള്‍ ബസ്സിന് മുന്‍പിലായി ഈ കാര്‍ സഞ്ചരിച്ചിരുന്നതായി വിജയന്‍ പറഞ്ഞു. പലതവണ ഹോണ്‍ മുഴക്കിയെങ്കിലും മാറിത്തരാന്‍ കാര്‍ യാത്രികര്‍ തയ്യാറായില്ല. പിന്നീട് കാറിനെ മറികടന്ന് മറ്റൊരു സ്ഥലത്ത് വെച്ച് കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തിയപ്പോള്‍ ഇവര്‍ അവിടെ എത്തുകയും കാറില്‍ നിന്നിറങ്ങി വന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. വിജയന്റെ മുഖത്തുള്‍പ്പെടെ അടിയേറ്റിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഇദ്ദേഹത്തിന്റെ കണ്ണടയും നഷ്ടമായി. അക്രമം തടയാന്‍ ചെന്നപ്പോഴാണ് ഉഷയ്ക്കും മര്‍ദ്ദനമേറ്റത്. പുറക്കാട്ടെ ഓട്ടോ ഡ്രൈവര്‍ കൂടിയായ വിജയനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ ഇന്നലെ പുറക്കാട്ട് പണിമുടക്കിയിരുന്നു.