എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാർ ആറ്റിങ്ങലിൽ വെച്ച് തീപിടിച്ച് കത്തിനശിച്ചു. ഫയർ ഫോഴ്സെത്തി തീയണച്ചു. പുക കണ്ട് പുറത്തിറങ്ങിയ യാത്രക്കാർ അപായമേൽക്കാതെ രക്ഷപ്പെട്ടു. ആറ്റിങ്ങലിൽ വാഹനം പാർക് ചെയ്തപ്പോഴാണ് അപകടം

തിരുവനന്തപുരം: ആറ്റിങ്ങൽ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് സമീപം ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. എറണാകുളത്തു നിന്നും ആറ്റിങ്ങലിലേക്ക് വന്ന കിളിമാനൂർ സ്വദേശി അൽ അമീനിന്‍റെ ഉടമസ്ഥതയിലുള്ള ഹോണ്ട ബ്രീയോ കാറിന്‍റെ മുൻ ഭാഗത്ത് നിന്നും ആണ് തീയും പുകയും ഉയർന്നത്. ഉടൻ തന്നെ ആറ്റിങ്ങൽ ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സേന സ്ഥലത്ത് എത്തുകയും തീ കെടുത്തുകയും ചെയ്തു. വൻ ദുരന്തമാണ് ഒഴിവായതെന്ന് ഫയർ ഫോഴ്സ് പ്രതികരിച്ചു.

കാർ പാർക് ചെയ്തപ്പോൾ പുക കണ്ടു

എറണാകുളത്ത് നിന്നും ഓടിച്ചെത്തിയ വാഹനം ആറ്റിങ്ങലിൽ പാർക്ക് ചെയ്തപ്പോഴാണ് തീയും പുകയും ശ്രദ്ധയിൽപെട്ടത്. തീ പടരുന്നത് കണ്ട ഉടൻതന്നെ യാത്രക്കാർ പുറത്തിറങ്ങി രക്ഷപ്പെട്ടു. കാറിന്‍റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു. കത്തിയ കാറിന് സമീപം പെട്രോൾ ടാങ്കർ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നെന്നും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായതെന്നും ഫയർഫോഴ്സ് അറിയിച്ചു. ഗ്രേഡ്അസിസ്റ്റൻറ് സ്റ്റേഷൻഓഫീസർ സി.ആർ ചന്ദ്രമോഹന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അതിവേഗം ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്.