തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ കാറിന്റെ ഉടമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. നെടുമങ്ങാട് സ്വദേശിയായ ഷൈമ മോളാണ് കന്‍റോണ്‍മെന്‍റ് സ്റ്റേഷനിൽ കീഴടങ്ങിയത്. വാഹനമോടിച്ചിരുന്നത് അമ്മ മിനി ജോയിയായിരുന്നെന്ന് ഷൈമയുടെ മൊഴി. ഇന്നലെ നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് നിയന്ത്രണം വിട്ട കാർ രണ്ടിടങ്ങളിലായി വാഹനങ്ങളെ ഇടിച്ച് തെറുപ്പിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു.

അതിവേഗത്തിൽ നഗരത്തിലൂടെ പാഞ്ഞ കാർ കരമനയിൽ രണ്ട് വാഹനങ്ങൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം വഴുതക്കാട് ഭാഗത്തേക്ക് പോയ വാഹനം സിറ്റി പൊലീസ് കമ്മീഷണറുടെ കാര്യാലയത്തിന് മുന്നിൽ വച്ച് ഒരു ഓട്ടോറിക്ഷയെയും ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ മുകളിലേക്ക് വീണ ഓട്ടോറിക്ഷ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് കാര്‍ തിരിച്ചറിഞ്ഞത്.

"